ബഹ്റൈനിൽ നിന്ന് മൂവായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് കിംഗ് ഫഹദ് കോസ്വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള ഇത്തരം വസ്തുക്കൾ വെളിപ്പെടുത്തേണ്ടതാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക്, കിംഗ് ഫഹദ് കോസ്വേയിലൂടെ, സഞ്ചരിക്കുന്നവർ തങ്ങളുടെ കൈവശമുള്ള പുതിയ വസ്തുക്കൾക്ക് പ്രത്യേക തീരുവ നൽകേണ്ടതായുണ്ടോ എന്നതിൽ വ്യക്തത നൽകുന്നതിനായാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബഹ്റൈനിൽ നിന്ന് വിലയ്ക്ക് വാങ്ങിയിട്ടുള്ളതും, നിർമ്മാതാക്കൾ നൽകുന്ന ഒറിജിനൽ പാക്കേജിങ്ങിൽ തന്നെയുള്ളതും, ഇതുവരെ ഉപയോഗിക്കാത്തതുമായ വസ്തുക്കൾക്ക് മാത്രമാണ് പ്രത്യേക ഫീസ് ഈടാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം യാത്രികർ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും 15 ശതമാനം VAT നികുതി ചുമത്തുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.