പരിശോധനകളിൽ, കൊറോണാ വൈറസ് പോസിറ്റീവ് ആയവർക്ക് തുടർചികിത്സകൾക്കും, രോഗ സംബന്ധമായ മാർഗനിർദ്ദേശങ്ങൾക്കും വേണ്ട സേവനങ്ങൾ നൽകുന്നതിനുള്ള രണ്ട് പ്രാഥമിക നിര്‍ണ്ണയ കേന്ദ്രങ്ങൾ പ്രവർത്തനരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലും, അൽ ഐൻ കൺവെൻഷൻ സെന്ററിലുമാണ് ഈ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. COVID-19 പരിശോധനകളിൽ പോസിറ്റീവ് ആയവർക്ക് സുരക്ഷിതമായി തുടർചികിത്സകൾ സംബന്ധമായ നിർദ്ദേശങ്ങൾ, കൂടുതൽ ടെസ്റ്റിംഗ്, ആരോഗ്യ നിർണ്ണയം മുതലായവ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ ഈ കേന്ദ്രങ്ങളിൽ ലഭ്യമാകും.
വിവിധ ഭാഷകൾ സംസാരിക്കുന്ന വോളന്റിയർമാരുടെ സേവനവും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. അബുദാബിയിലെ കേന്ദ്രത്തിൽ 2000 പേർക്കും, അൽ ഐനിൽ 1500 പേർക്കും സേവനങ്ങൾ നൽകുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. COVID-19 രോഗബാധിതരിൽ നിന്ന് വൈറസ് വ്യാപന സാധ്യതകൾ ഒഴിവാക്കുന്നതിനായി ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഈ കേന്ദ്രങ്ങളിൽ പാലിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ തരത്തിലുള്ള രോഗബാധിതർ തമ്മിൽ സമ്പർക്കം ഒഴിവാക്കുന്നതിനായുള്ള സംവിധാനങ്ങളോടെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. COVID-19 പോസിറ്റീവ് ടെസ്റ്റ് റിസൾട്ട് ലഭിക്കുന്ന സമൂഹത്തിലെ എല്ലാ മേഖലകളിൽ നിന്നുമുള്ളവർക്കും ഈ കേന്ദ്രങ്ങളിൽ സേവനം ലഭ്യമാണ്. SEHA-യുടെ കീഴിലുള്ള ആംബുലേറ്ററി ഹെൽത്ത്കെയർ സെർവീസസിന്റെ (AHS) നേതൃത്വത്തിലാണ് ഈ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.
അബുദാബിയിൽ കൊറോണാ വൈറസ് പരിശോധനകളുടെ തോത് വ്യാപകമായി വർദ്ധിപ്പിച്ചതിലൂടെ, രോഗബാധ കണ്ടെത്തുന്നവർക്ക് വേഗത്തിൽ തുടർനടപടികൾ നൽകി, എമിറേറ്റിലെ നിലവിലുള്ള COVID-19 പ്രതിരോധ സംവിധാനങ്ങൾക്ക് കരുത്തുപകരുക എന്നതാണ് SEHA ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. COVID-19 ബാധിതൻ എന്ന് സ്ഥിരീകരണം ലഭിച്ച ഒരാൾക്ക് വീണ്ടും ടെസ്റ്റിംഗ് നടത്തുന്നതിനും പ്രാഥമിക ആരോഗ്യ വിലയിരുത്തലുകൾ നടത്തിയ ശേഷം, ആവശ്യമായ ചികിത്സാ നിർദേശങ്ങളും, നടപടികളും നൽകുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് SEHA ചെയർമാൻ സലേം അൽ നൊഐമി വ്യക്തമാക്കി.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന്റെ (DOH) മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം COVID-19 പോസിറ്റീവ് ആകുന്ന ഒരാൾക്ക് വീണ്ടും കൊറോണാ വൈറസ് പരിശോധന നടത്തി പരിശോധനാ ഫലം ഉറപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ നൽകുന്നതിനായുള്ള പ്രത്യേക കേന്ദ്രം എന്ന നിലയിൽ ഇത് എമിറേറ്റിലെ COVID-19 പ്രതിരോധത്തിൽ മുഖ്യ പങ്കാണ് വഹിക്കാൻ പോകുന്നതെന്ന് AHS CEO മുഹമ്മദ് ഹവാസ് അൽ സാദിദ് അഭിപ്രായപ്പെട്ടു. ഹോം ക്വാറന്റീൻ, ഹോം ഐസൊലേഷൻ നിർദ്ദേശങ്ങൾ ലഭിക്കുന്ന രോഗബാധിതർക്ക് ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങളും ഈ കേന്ദ്രത്തിൽ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
COVID-19 പരിശോധനകളിൽ പോസിറ്റീവ് ആകുന്നവരുടെ മാനസിക വിഷമങ്ങൾ കണക്കിലെടുത്ത്, അവർക്ക് ഏറ്റവും വേഗതയിൽ ഈ കേന്ദ്രങ്ങളിൽ നിന്നും സേവനം ലഭ്യമാക്കുന്നതിനായി ആഴ്ച്ചയിൽ 7 ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് AHS ചീഫ് ഓപ്പറേഷൻസ് ഓഫീസർ നൗറ അൽ ഖൈത്തി അറിയിച്ചു. പ്രായമായവർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുടുംബങ്ങൾ എന്നിവർക്കായി പ്രത്യേക സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും, സന്ദർശകരുടെ സ്വകാര്യത ഒരു ഘട്ടത്തിലും നഷ്ടമാകാത്ത രീതിയിലാണ് ഇവ പ്രവർത്തിക്കുക എന്നും അവർ കൂട്ടിച്ചേർത്തു.
പ്രാഥമിക നിര്‍ണ്ണയ കേന്ദ്രങ്ങളിലെ നടപടികൾ:
- COVID-19 ടെസ്റ്റിംഗിൽ പോസിറ്റീവ് ആകുന്നവർക്ക് ഈ പ്രാഥമിക നിര്‍ണ്ണയ കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിർദ്ദേശിച്ച് കൊണ്ടുള്ള SMS സന്ദേശം ലഭിക്കുന്നതാണ്.
- ആദ്യമായി ഈ കേന്ദ്രങ്ങളിൽ വരുന്നവർക്ക് ‘യെല്ലോ ഹാൾ’ എന്ന് അടയാളപ്പെടുത്തിയ സംവിധാനത്തിൽ പ്രാഥമിക ആരോഗ്യ പരിശോധനകൾ നടത്തുകയും, SEHA-യുടെ ഡിജിറ്റൽ മെഡിക്കൽ റെക്കോർഡിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നതാണ്.
- പരിശോധനകളിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കാണിക്കാത്തവർക്ക്, ഒരു തവണ കൂടി COVID-19 പരിശോധനകൾ നടത്തുന്നതിനായി ആവശ്യമായ സ്രവം ശേഖരിച്ച ശേഷം, ഹോം ക്വാറന്റീൻ ബോധവത്‌കരണം നൽകി, വീടുകളിലേക്ക് തിരിച്ചയക്കുന്നതാണ്. ഇവർ ഈ രണ്ടാം പരിശോധനകളുടെ ഫലം SMS മുഖേനയോ, SEHA ആപ്പ്, അല്ലെങ്കിൽ അൽ ഹൊസൻ ആപ്പ് വഴിയോ ലഭിക്കുന്നത് വരെ ഹോം ക്വാറന്റൈനിൽ തുടരേണ്ടതാണ്.
- ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ ECG, രക്ത പരിശോധന, CT സ്കാൻ മുതലായ പരിശോധനകൾക്കായി ‘റെഡ് സോൺ’ എന്ന വിഭാഗത്തിലേക്ക് അയക്കുന്നതാണ്. പരിശോധനകൾക്ക് ശേഷം ഡോക്ടറുടെ അഭിപ്രായപ്രകാരം ഇവരെ ആശുപത്രിയിലേക്കോ, ഹോം ക്വാറന്റീനിലേക്കോ അയക്കുന്നതാണ്.
- രണ്ടാം പരിശോധനകൾ നെഗറ്റീവ് ആകുന്നവർക്ക് ഈ കേന്ദ്രത്തിലെ ‘പർപ്പിൾ ഹാളിലേക്കു’ തുടർപരിശോധനകൾക്കായി എത്തുന്നതിനു SMS മുഖേനെ സന്ദേശം ലഭിക്കുന്നതാണ്. അത്തരക്കാർക്ക് ഒരു തവണ കൂടി ടെസ്റ്റിംഗ് നടത്തുന്നതാണ്.
- രണ്ടാം പരിശോധനകൾ പോസിറ്റീവ് ആകുന്നവർ ഈ കേന്ദ്രത്തിലെ ‘ബ്ലൂ ഹാളിലേക്ക്’ തുടർപരിശോധനകൾക്കായി എത്തുന്നതിനു SMS മുഖേനെ സന്ദേശം ലഭിക്കുന്നതാണ്. തുടർന്ന് ഇവരെ ഡോക്ടർമാർ പരിശോധിച്ച ശേഷം ഇലക്ട്രോണിക് നിരീക്ഷണത്തോടെയുള്ള ഹോം ക്വാറന്റീനിലേക്കോ, പ്രത്യേക ഐസൊലേഷൻ സംവിധാനത്തിലേക്കോ അയക്കുന്നതാണ്.