2024-ലെ ആദ്യ പാദത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 36.5 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.7% വർദ്ധനവാണ് യാത്രികരുടെ എണ്ണത്തിൽ ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ വ്യോമയാന മേഖലയിലെ ശ്രദ്ധേയമായ വളർച്ചയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ഈ കാലയളവിൽ യു എ ഇ വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ യാത്രികരുടെ എണ്ണം 10,723,639 ആണെന്നും, യു എ ഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരുടെ എണ്ണം 10,874,232 ആണെന്നും ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. 14,944,466 ട്രാൻസിറ്റ് യാത്രികർ യു എ ഇയിലെ എയർപോർട്ടുകൾ ഈ കാലയളവിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
2024-ലെ ഒന്നാം പാദത്തിൽ മൊത്തം 1.1 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്ത എയർ കാർഗോ മേഖല കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ഈ കാലയളവിൽ മൊത്തം എയർ കാർഗോ നീക്കത്തിൻ്റെ ഏകദേശം 68% ദേശീയ വിമാനക്കമ്പനികളാണ് നടത്തിയത്.
WAM