കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം, മറ്റു നിയമവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം തുടങ്ങിയ അനധികൃത പ്രവർത്തികൾ തടയുന്നതിനുള്ള ഫെഡറൽ നിയമത്തിലെ ഏതാനം വ്യവസ്ഥകൾ യു എ ഇ സർക്കാർ ഭേദഗതി ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾ, ഇതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ തുടങ്ങിയവ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട ആഗോള നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള യു എ ഇയുടെ ശ്രമങ്ങളും ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നുണ്ട്.
രാജ്യത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ ശക്തമായ നിയമവ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിനും, അതിലൂടെ പ്രാദേശിക സാമ്പത്തിക ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ഈ തീരുമാനം ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി, ക്യാബിനറ്റ് തീരുമാന പ്രകാരം, ‘നാഷണൽ കമ്മിറ്റി ഫോർ ആന്റി-മണി ലോണ്ടറിംഗ് ആൻഡ് കോമ്പാറ്റിങ് ദി ഫൈനാൻസിങ് ഓഫ് ടെററിസം ആൻഡ് ഫൈനാൻസിങ് ഓഫ് ഇലീഗൽ ഓർഗനൈസേഷൻസ്’ എന്ന ഒരു പ്രത്യേക കമ്മിറ്റിയ്ക്ക് യു എ ഇ രൂപം നൽകുന്നതാണ്.
ഇതിന് പുറമെ, ‘സുപ്രീം കമ്മിറ്റി ഫോർ ദി ഓവർസൈറ്റ് ഓഫ് ദി നാഷണൽ സ്ട്രാറ്റജി ഫോർ ആന്റി-മണി ലോണ്ടറിംഗ് ആൻഡ് കൌണ്ടർ- ടെററിസം ഫൈനാൻസിങ്’ എന്ന കമ്മിറ്റിയും രൂപീകരിക്കുന്നതാണ്. ഇവയുടെ പ്രവർത്തനനടപടിക്രമങ്ങളെക്കുറിച്ച് ഒരു ക്യാബിനറ്റ് തീരുമാനം പുറത്തിറക്കുന്നതാണ്.
‘നാഷണൽ കമ്മിറ്റി ഫോർ ആന്റി-മണി ലോണ്ടറിംഗ് ആൻഡ് കോമ്പാറ്റിങ് ദി ഫൈനാൻസിങ് ഓഫ് ടെററിസം ആൻഡ് ഫൈനാൻസിങ് ഓഫ് ഇലീഗൽ ഓർഗനൈസേഷൻസ്’ മുന്നോട്ട് വെക്കുന്ന നയങ്ങൾ, തീരുമാനങ്ങൾ എന്നിവ വിലയിരുത്തുന്നതിനും, പഠിക്കുന്നതിനും, പരിശോധിക്കുന്നതിനുമുള്ള ഉത്തരവാദിത്വം സുപ്രീം കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
WAM [Cover Image: Pixabay.]