ഖത്തർ: COVID-19 വാക്സിൻ പ്രായപരിധി 30 വയസ്സാക്കി കുറച്ചു; 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകും

GCC News

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 12-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ തങ്ങളുടെ വാക്സിൻ സുരക്ഷിതവും, രോഗബാധ തടയുന്നതിൽ ഏറെ ഫലപ്രദവുമാണെന്ന പഠന റിപ്പോർട്ട് ഫൈസർ പുറത്തുവിട്ട സാഹചര്യത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ വിഭാഗങ്ങളിൽ പെടുന്ന കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചത്. 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഈ വാക്സിൻ നൽകുന്നതിന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിരുന്നു.

https://www.moph.gov.qa/arabic/Pages/default.aspx എന്ന വിലാസത്തിലൂടെ 2021 മെയ് 16 മുതൽ കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ ലഭിക്കുന്ന തീയ്യതികൾ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ നേരിട്ട് അറിയിക്കുന്നതാണ്.

ഖത്തറിൽ COVID-19 വാക്സിൻ പ്രായപരിധി 30 വയസ്സാക്കി കുറച്ചു

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 35-ൽ നിന്ന് 30 വയസ്സാക്കി കുറയ്ക്കാൻ തീരുമാനിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരമാവധി പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നത് ലക്ഷ്യമിട്ടുള്ള ഈ തീരുമാന പ്രകാരം, രാജ്യത്തെ 30 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും ഈദ് അവധിക്ക് ശേഷം വാക്സിൻ കുത്തിവെപ്പ് നൽകുന്നതാണ്.

ഇതുവരെ 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായിരുന്നു വാക്സിൻ കുത്തിവെപ്പുകൾക്ക് മുൻഗണന നൽകിയിരുന്നത്. ഈ പുതിയ തീരുമാനത്തോടെ 30 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികൾ ഉൾപ്പടെ മുഴുവൻ പേർക്കും വാക്സിനേഷനിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

ഖത്തറിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ കൃത്യമായി പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ഖത്തറിൽ നിന്ന് മുഴുവൻ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ ഇളവുകളുടെ കാലാവധി 9 മാസമാക്കി ഉയർത്താൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.