ഒമാൻ: COVID-19 വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം

featured GCC News

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഒന്നാം ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28, ഞായറാഴ്ച്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മാർച്ച് ആദ്യം മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ മുഹമ്മദ് അൽ സൈദി ഫെബ്രുവരി 25-ന് നടന്ന സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന്റെ തുടർച്ചയായായാണ് വാക്സിൻ മുൻഗണനാ വിഭാഗങ്ങളിൽ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഫെബ്രുവരി 28-ലെ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് വാക്സിൻ ലഭിക്കുന്നതിന് മുൻഗണന നൽകുന്നത്:

  • ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലുമുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും വാക്സിനേഷൻ നടപടികളിൽ ഉൾപ്പെടുത്തുന്നതാണ്. ഈ വിഭാഗത്തിലെ പൂർണ്ണ ആരോഗ്യമുള്ളവരും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ഉൾപ്പടെ മുഴുവൻ പേർക്കും കുത്തിവെപ്പ് നൽകുന്നതാണ്.
  • റോയൽ ഒമാൻ പോലീസിന് കീഴിലുള്ള ആംബുലൻസ് ജീവനക്കാർക്ക്.
  • ഹോസ്പിറ്റലുകളിലെ ICU, CCU, ഡയാലിസിസ് വിഭാഗം, എമർജൻസി വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്ക്.
  • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർക്ക്.

ഒമാനിലുടനീളമുള്ള, COVID-19 വാക്സിൻ നൽകുന്നതിനായി മുൻപ് ഉപയോഗിച്ചിരുന്ന, ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തന്നെയാണ് ഈ വിഭാഗങ്ങൾക്കും വാക്സിൻ വിതരണം ചെയ്യുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫൈസർ, ആസ്ട്രസെനേക്കാ വാക്സിനുകളുടെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 10 ആഴ്ച്ചയാക്കി നിശ്ചയിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.