ദുബായ്: മാർച്ച് 4 മുതൽ ഗ്ലോബൽ വില്ലേജിലെ കരിമരുന്ന് പ്രയോഗങ്ങൾ പുനരാരംഭിക്കും

UAE

ഗ്ലോബൽ വില്ലേജിലെ ഏറ്റവും ജനപ്രീതിയുള്ള പ്രദർശനയിനമായ കരിമരുന്ന് പ്രയോഗങ്ങൾ 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രതിരോധ നടപടികൾ കർശനമാക്കാനുള്ള ദുബായ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായി ഫെബ്രുവരി 3 മുതൽ ഗ്ലോബൽ വില്ലേജിലെ മ്യൂസിക്കൽ കരിമരുന്ന് പ്രയോഗം താത്‌കാലികമായി നിർത്തിവെച്ചിരുന്നു.

ഗ്ലോബൽ വില്ലേജിൽ വിവിധ വിനോദപ്രകടനങ്ങളും, തെരുവുകളിൽ നടത്തുന്ന കലാപരിപാടികളും താത്‌കാലികമായി നിർത്തലാക്കാനും ഫെബ്രുവരി 3-ന് അധികൃതർ തീരുമാനിച്ചിരുന്നു. ഇതിൽ കരിമരുന്ന് പ്രയോഗങ്ങൾ മാർച്ച് 4 മുതൽ പുനരാരംഭിക്കുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ പ്രത്യേക പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈ വർഷത്തെ ഗ്ലോബൽ വില്ലേജിന്റെ ബാക്കിയുള്ള ദിനങ്ങളിൽ വെടിക്കെട്ടിനുള്ള അനുമതി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ദിനവും വൈകീട്ട് 4 മണിമുതൽ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഗ്ലോബൽ വില്ലേജ് സീസൺ ഏപ്രിൽ 18-ന് അവസാനിക്കുന്നതാണ്.