‘യു എ ഇ തൊഴിൽ നിയമം’ ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2024 ഓഗസ്റ്റ് 12-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തൊഴിൽ വിപണിയുടെ കാര്യക്ഷമതയും മത്സരക്ഷമതയും ഉറപ്പുവരുത്തുന്നതിനായാണ് ഈ നടപടി. തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുന്നതിനും, തൊഴിലുടമകളുടെയും, തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രധാന ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്:
- ശരിയായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുകയോ, ശരിയായ അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കുകയോ, വിദേശത്ത് നിന്ന് യു എ ഇയിലേക്ക് കൊണ്ട് വരികയോ, വർക്ക് പെർമിറ്റുകൾ ദുരുപയോഗം ചെയ്യുകയോ, തൊഴിലാളികളുടെ അവകാശങ്ങൾ തീർപ്പാക്കാതെ ബിസിനസുകൾ പൂട്ടുകയോ ചെയ്യുന്ന തൊഴിലുടമകൾക്ക് 100,000 മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുന്നതാണ്.
- പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായി ജോലി ചെയ്യിക്കുന്നതിനും, പ്രായപൂർത്തിയാകാത്തവരെ അവരുടെ രക്ഷിതാക്കൾ നിയമം ലംഘിച്ച് ജോലി ചെയ്യാൻ അനുവദിക്കുന്നതിനും മേൽപ്പറഞ്ഞ അതേ പിഴകൾ ചുമത്തുന്നതാണ്.
- വ്യാജ എമിറേറ്റൈസേഷൻ ഉൾപ്പെടെയുള്ള റിക്രൂട്ട്‌മെൻ്റിന് നൽകുന്ന ക്രിമിനൽ ശിക്ഷകളും ഈ ഭേദഗതിയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം, വ്യാജ റിക്രൂട്ട്‌മെൻ്റിലൂടെ എമിറേറ്റൈസേഷൻ നിയമങ്ങളോ എക്‌സിക്യൂട്ടീവ് ചട്ടങ്ങളോ മറികടന്ന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന തൊഴിലുടമകൾക്ക് 100,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്തുന്നതാണ്.
- തൊഴിൽ തർക്കങ്ങളുടെ കാര്യത്തിലും, തർക്കം പരിഹരിക്കാൻ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ, കേസ് അപ്പീൽ കോടതിക്ക് വിടുന്നതിന് പകരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ കൊണ്ടുവരാമെന്നും ഈ ഭേദഗതിയിലൂടെ വ്യക്തമാക്കുന്നു.
- നിലവിലെ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തൊഴിൽ ബന്ധം അവസാനിപ്പിച്ച് രണ്ട് വർഷത്തിന് ശേഷം സമർപ്പിച്ച ക്ലെയിമുകളുമായുള്ള നടപടികൾ കോടതി റദ്ദാക്കുന്നതാണ്.
- വ്യാജ നിയമനങ്ങൾ ഉൾപ്പെടെയുള്ള എമിറേറ്റൈസേഷൻ നിയമങ്ങളിലെ ലംഘനങ്ങൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രിയുടെയോ, അദ്ദേഹത്തിന്റെ അംഗീകൃത പ്രതിനിധിയുടെയോ അഭ്യർത്ഥന പ്രകാരം മാത്രമേ ആരംഭിക്കാൻ കഴിയൂ എന്ന് ഈ പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
- തൊഴിൽ ദാതാവ് മിനിമം പിഴയുടെ 50% എങ്കിലും നൽകുകയും എമിറാത്തി ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും തിരികെ നൽകുകയും ചെയ്താൽ, എമിറേറ്റൈസേഷൻ നിയമങ്ങളിലെ ലംഘനങ്ങൾക്കെതിരെയുള്ള നടപടികളിൽ കോടതി ശിക്ഷ പുറപ്പെടുവിക്കുന്നതിന് മുമ്പ് മന്ത്രാലയത്തിന് തൊഴിൽ കേസുകൾ തീർപ്പാക്കാനാകുന്നതാണ്.
- അപ്പീൽ കോടതികൾ, തീർപ്പുകൽപ്പിക്കപ്പെട്ട തർക്കങ്ങളോ വിധി പുറപ്പെടുവിക്കുന്നതിനായി നീക്കിവച്ചിരിക്കുന്നതോ ഒഴികെ, തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ അഭ്യർത്ഥനകളും തർക്കങ്ങളും പരാതികളും യോഗ്യതയുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് (കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്) റഫർ ചെയ്യണമെന്നും ഈ നിയമം വ്യക്തമാക്കുന്നു.
WAM