അടുത്ത വർഷം മുതൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഒരു പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു. യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ വകുപ്പ് മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാറാണ് ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2022 മെയ് 9-ലെ ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തൊഴിൽ നഷ്ടപ്പെടുന്ന വ്യക്തികൾക്ക് ചുരുങ്ങിയ കാലയളവിലേക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ഈ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്തെ തൊഴിൽ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ സാമൂഹിക സുരക്ഷ ഉറപ്പ് വരുത്താനും, സുസ്ഥിരമായ ഒരു തൊഴിൽ സാഹചര്യം ഉറപ്പാക്കാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു.
ഈ ആനുകൂല്യം യു എ ഇയിലെ പൊതു, സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തൊഴിൽ നഷ്ടമാകുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നത് വരെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഈ നടപടി സഹായകമാകുന്നതാണ്. പ്രവാസികളും, പൗരന്മാരും ഉൾപ്പടെ എല്ലാ ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് തൊഴിലുടമകൾ വാർഷികാടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക ഈ ഇൻഷുറൻസ് പരിരക്ഷയ്ക്കായി മാറ്റിവെക്കുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ ഒരു നിശ്ചിത കാലയളവിലേക്ക് തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ ലഭ്യമാക്കുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് വ്യക്തമാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
പുതിയ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ള പെൻഷനുള്ള റിട്ടയർ ചെയ്ത ജീവനക്കാർ, താത്കാലിക കോൺട്രാക്ടുകളിൽ തൊഴിലെടുക്കുന്നവർ, നിക്ഷേപകർ, ഗാർഹിക തൊഴിലാളികൾ, 18 വയസിന് താഴെ പ്രായമുള്ളവർ തുടങ്ങിയവർ ഈ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വരുന്നതല്ല.