യു എ ഇ: രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു

featured GCC News

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ICP) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് 2024 സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കുന്നതാണ്. വിസ കാലാവധി ലംഘിച്ചിട്ടുള്ള ഇത്തരം വ്യക്തികൾക്ക്, ഈ കാലയളവിൽ തങ്ങളുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതിനും, റെസിഡൻസി സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും, ആവശ്യമെങ്കിൽ പിഴ കൂടാതെ നിയമാനുസൃതമായി യു എ ഇയിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

2024 സെപ്തംബർ 1 മുതൽ രണ്ട് മാസം വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ വിദേശികളുടെ യു എ ഇയിലേക്കുള്ള പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമങ്ങളിൽ ലംഘനം വരുത്തിയിട്ടുള്ള വ്യക്തികളെ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകളിൽ നിന്ന് ഒഴിവാക്കുന്നതാണ്. പിഴയും, നിയമപരമായ പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതിനും, നിയമലംഘകരെ ഒന്നുകിൽ അവരുടെ റെസിഡൻസി സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കിൽ രാജ്യം വിടാനോ അനുവദിക്കുന്നത് ഉൾപ്പെടെ, ഈ സംരംഭം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ICP ഏറ്റെടുക്കുന്നതാണ്.

നിയമലംഘകർക്ക് അവരുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയമത്തിന് അനുസൃതമായി അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് ഒരു പുതിയ അവസരം നൽകുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ICP വ്യക്തമാക്കിയിട്ടുണ്ട്.