യു എ ഇ: വേൾഡ് കപ്പ് 2022 ഹയ്യ കാർഡ് കൈവശമുള്ളവർക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് അനുവദിക്കുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ സംമ്പന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി. ഈ പ്രത്യേക വിസ പദ്ധതി പ്രകാരം, ഹയ്യ കാർഡ് ഉടമകൾക്ക് യു എ ഇയിലേക്ക് 90 ദിവസം വരെ സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നേടാവുന്നതാണ്.

യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻ്റ് പോർട്ട് സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2022-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തറിനെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള യു എ ഇയുടെ സംരംഭങ്ങൾക്കുള്ളിലാണ് ഈ പദ്ധതി വരുന്നത്.

ഈ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ഓപ്ഷനുകളിലൂടെ ലോകകപ്പ് ആരാധകർക്ക് 90 ദിവസത്തെ കാലയളവിൽ യു എ ഇയിലേക്ക് ഒന്നിലധികം തവണ പ്രവേശിക്കാൻ കഴിയുന്നതാണ്. ഈ വിസയ്ക്കായി ഒറ്റത്തവണ 100 ദിർഹം നൽകിയാൽ മതിയാകുന്നതാണ്.

ഹയ്യ കാർഡ് ഉടമകൾക്ക് 2022 നവംബർ 1 മുതൽ ഈ വിസയ്ക്ക് അപേക്ഷിച്ച് യു എ ഇയിൽ പ്രവേശിക്കാമെന്നും സാധുതയുള്ള കാലയളവിൽ നിരവധി തവണ രാജ്യത്ത് പ്രവേശിക്കാൻ ഇത് അനുവദിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. യു എ ഇയിലെ നിലവിലെ വിസ സമ്പ്രദായത്തിൽ പിന്തുടരുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും സാധാരണ ഫീസും അനുസരിച്ച് കൊണ്ട് ആവശ്യമെങ്കിൽ ഈ വിസ 90 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. വിസ ഒഴിവാക്കിയ രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ചുതന്നെ യു എ ഇയിൽ പ്രവേശിക്കാനും താമസിക്കാനും കഴിയും.

ഹയ്യ കാർഡ് ഉടമകൾക്ക് ഈ പ്രത്യേക യു എ ഇ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ:

  • https://icp.gov.ae/en/ എന്ന വിലാസം സന്ദർശിക്കുക.
  • Smart Channels ലിങ്കിൽ നിന്ന് Public Services തിരഞ്ഞെടുക്കുക.
  • ഈ വിസ അപേക്ഷകൾ സ്വീകരിക്കുന്ന കാലയളവിൽ ഇവിടെ നിന്ന് ‘Hayya Card Holders’ സേവനം തിരഞ്ഞെടുത്ത ശേഷം വിസ അപേക്ഷ പൂരിപ്പിക്കാവുന്നതും, ഫീസ് അടയ്ക്കാവുന്നതുമാണ്. 2022 നവംബർ 1 മുതൽ ഈ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള വിലാസത്തിൽ ലഭ്യമാണ്.

ഈ വർഷം നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് ഖത്തർ 2022 നടക്കുന്നത്. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

WAM