എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 ഡിസംബർ 11-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2022 ഡിസംബർ 7-നാണ് MBRSC ഇക്കാര്യം അറിയിച്ചത്.
പുതുക്കിയ സമയക്രമം അനുസരിച്ച് 2022 ഡിസംബർ 11 ഞായറാഴ്ച, യു എ ഇ സമയം രാവിലെ 11.38-നാണ് നിലവിൽ റാഷിദ് റോവറിന്റെ വിക്ഷേപണം പ്രഖ്യാപിച്ചിരിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ഐസ്പേസ് നിർമ്മിച്ചിട്ടുള്ള Hakuto-R M1 എന്ന ലൂണാർ ലാൻഡറിലാണ് റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്.
ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഒരു സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് റാഷിദ് റോവർ വിക്ഷേപിക്കുന്നത്.സാങ്കേതിക കാരണങ്ങൾ കൊണ്ട് റാഷിദ് റോവറിന്റെ വിക്ഷേപണം നേരത്തെ മാറ്റിവെച്ചിരുന്നു.
ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി 2020 നവംബറിൽ MBRSC അറിയിച്ചിരുന്നു. ഈ പര്യവേഷണത്തിന്റെ ഭാഗമായാണ് പൂർണ്ണമായും MBRSC-യിൽ നിർമ്മിച്ചിട്ടുള്ള റാഷിദ് റോവർ എന്ന ചെറു ചന്ദ്രയാത്ര പേടകം ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കപ്പെടുന്നത്.