രാജ്യത്ത് ഏതാനം പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതായി യു എ ഇ സർക്കാർ പ്രഖ്യാപനം നടത്തി. 2024 ഒക്ടോബർ 25-നാണ് യു എ ഇ സർക്കാർ ഇക്കാര്യം അറിയിച്ചത്.
ഇതിൽ റോഡ് സുരക്ഷാ, ഇലക്ട്രിക്ക് വാഹനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ ഗതാഗത മേഖലയിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നത്.
ഈ പുതിയ നിയമപ്രകാരം, താഴെ പറയുന്ന ട്രാഫിക് നിബന്ധനകൾ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്:
- മണിക്കൂറിൽ എൺപത് കിലോമീററിലധികം വേഗപരിധി നിശ്ചയിച്ചിട്ടുള്ള റോഡുകൾ മുറിച്ച് കടക്കുന്നതിന് കാൽനട യാത്രികർക്ക് അനുമതിയുണ്ടായിരിക്കുന്നതല്ല.
- റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുക, റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി നിർത്തുക, റോഡിൽ നിൽക്കുക തുടങ്ങിയ പ്രവർത്തികൾ നിരോധിച്ചിട്ടുണ്ട്.
- ശബ്ദമലിനീകരണം നടത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. നഗരപരിധികളിൽ കാർ അലാം സംവിധാനങ്ങൾ അപകടങ്ങൾ തടയുന്നതിനോ, പെട്ടെന്നുള്ള അപകടങ്ങൾക്കോ മാത്രമേ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളൂ.
- അപകടസാദ്ധ്യത നിറഞ്ഞ വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ട് പോകുന്നതിന് പ്രത്യേക പെർമിറ്റ് നിർബന്ധമാണ്.
- ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ പ്രായം 18-ൽ നിന്ന് 17 വയസ്സാക്കി കുറച്ചിട്ടുണ്ട്.
- ഡ്രൈവിംഗ് പഠിപ്പിക്കുന്നവർക്ക് അംഗീകൃത അധികാരികളിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസ് (പഠനത്തിനായി ഉപയോഗിക്കുന്ന വാഹനത്തിനുള്ളത്), അംഗീകാരം എന്നിവ നിർബന്ധം.
- ഡ്രൈവിംഗ് പഠിപ്പിക്കുന്ന അവസരങ്ങളിൽ ആൾപ്പാർപ്പുള്ള മേഖലകളിൽ ട്രെയിനികൾക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും.
- വാഹനങ്ങളുടെ ആകൃതി, ബോഡി, എഞ്ചിൻ, നിറം എന്നിവയിൽ ഔദ്യോഗിക അനുമതി കൂടാതെ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നത് നിരോധിച്ചിട്ടുണ്ട്.
- മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് കൊണ്ട് വാഹനമോടിക്കുന്നതിനിടയിൽ മരണത്തിന് കാരണമാകുന്ന അപകടങ്ങൾ ഉണ്ടാക്കുക, അപകടസ്ഥലത്തു നിന്ന് കടന്ന് കളയുക, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിലൂടെ വെള്ളപൊക്കം ഉള്ള സമയങ്ങളിൽ വാഹനം ഓടിക്കുക തുടങ്ങിയ പ്രവർത്തികൾക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്.
- സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതും, പുതുക്കുന്നതും സംബന്ധിച്ച നിബന്ധനകൾ പ്രഖ്യാപിക്കുന്നതാണ്.
ഇത്തരം നിയമങ്ങൾ മറികടക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.