മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഈ വാക്സിനിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതും, വാക്സിനിന്റെ സഫലത സംബന്ധിച്ച് കണിശമായ വിലയിരുത്തലുകൾ പൂർത്തിയാക്കിയതും, ഈ വാക്സിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയതും കണക്കിലെടുത്താണ് ഈ തീരുമാനം.
രാജ്യത്ത് കാര്യക്ഷമമായ വാക്സിനുകൾ ലഭ്യമാക്കുന്നത് മഹാമാരിക്കെതിരായ ഫലപ്രദമായ പ്രതികരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു എ ഇയുടെ പ്രതിജ്ഞാബദ്ധതയെ എടുത്ത് കാട്ടുന്നതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമ പറഞ്ഞു. യു എ ഇയിലെ ദേശീയ വാക്സിനേഷൻ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്ത് 15 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയത് ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ശ്രമങ്ങളെയും ഫലങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്സിൻ സുരക്ഷ സംബന്ധിച്ചും, ഉപയോഗം സംബന്ധിച്ചുമുള്ള ആഗോള മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതും, രാജ്യത്ത് ആവശ്യമായ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള മുഴുവൻ രേഖകളും മോഡേണ സമർപ്പിച്ച ശേഷമാണ് ഈ തീരുമാനമെന്ന് ആരോഗ്യ നിയന്ത്രണ മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമിരി പറഞ്ഞു. ഇത്തരം മാനദണ്ഡങ്ങൾ വാക്സിൻ ഇറക്കുമതി സംബന്ധിച്ച സുരക്ഷയും ഫലപ്രാപ്തിയും പാലിക്കുന്നതിന് പ്രാദേശിക ആരോഗ്യ അധികാരികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ് ഡി എ അംഗീകാരത്തെ അടിസ്ഥാനമാക്കിയാണ് വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള പഠനങ്ങൾ നടത്തിയതെന്ന് അൽ അമിരി പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങൾ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും കോവിഡ്-19 ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നതിനൊപ്പം രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
WAM