യു എ ഇ: രാജ്യത്ത് പുതിയ COVID-19 ചികിത്സാരീതിയ്ക്ക് അനുമതി നൽകി

GCC News

COVID-19 ചികിത്സയ്ക്ക് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയ സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി രാജ്യത്ത് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് യു എ ഇ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയതായി എമിരേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ ആദ്യമായാണ് ഒരു രാജ്യം ഈ ചികിത്സാരീതി പ്രയോഗിക്കുന്നതിന് അനുമതി നൽകുന്നത്.

ആരോഗ്യപരിചണ രംഗത്തെ ആഗോള ഭീമന്മാരായ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ പി‌എൽ‌സിയാണ് (GSK) ഈ ചികിത്സാരീതിയ്ക്ക് രൂപം നൽകിയത്. ഈ ചികിത്സാരീതിയ്ക്ക് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. മാരകമായ വൈറസുകളെ ചെറുക്കുന്നതിൽ മനുഷ്യശരീരത്തിലെ രോഗ പ്രതിരോധ വ്യുഹം പുലർത്തുന്ന ശേഷി അനുകരിക്കാൻ കഴിവുള്ള ലാബ് നിർമ്മിത പ്രോട്ടീനുകൾ ഉപയോഗിച്ചാണ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി പ്രവർത്തിക്കുന്നത്. ശ്വേതരക്താണുക്കളെ ക്ലോൺ ചെയ്താണ് മോണോക്ലോണൽ ആന്റിബോഡി നിർമ്മിക്കുന്നത്.

കൊറോണ വൈറസ് ബാധ മൂലം ആശുപത്രി ചികിത്സ ആവശ്യമാകുന്നവർക്ക് കിടത്തിച്ചികിത്സ ആവശ്യമാകുന്ന കാലാവധി 24 മണിക്കൂറോളം കുറയ്ക്കുന്നതിനും, എളുപ്പത്തിൽ സുഖം പ്രാപിക്കുന്നതിനും സോട്രോവിമാബ് സഹായകമാകുമെന്നാണ് ഈ ചികിത്സാരീതി സംബന്ധമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. COVID-19 രോഗബാധിതരിൽ ഈ ചികിത്സാരീതി 85 ശതമാനം ഫലപ്രദമാണെന്നും, മരണം തടയുന്നതിൽ ഏറെ ഫലപ്രദമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ രാജ്യത്തെ 12 വയസ്സിന് മുകളിൽ പ്രായമുള്ള, തീവ്രതയില്ലാത്ത COVID-19 രോഗബാധയുള്ളവർക്കും, ശക്തി കുറഞ്ഞ COVID-19 രോഗബാധയുള്ളവർക്കും, ഇവർക്ക് ആശുപത്രിവാസം ഉൾപ്പടെയുളള ഗുരുതര നിലയിലേക്ക് രോഗം നീങ്ങുന്ന സാഹചര്യത്തിൽ ഈ ചികിത്സാരീതി ഉപയോഗിക്കുന്നതിനാണ് യു എ ഇ അനുമതി നൽകിയിരിക്കുന്നത്. COVID-19-ന്റെ വിവിധ വകഭേദങ്ങൾക്കെതിരെ സോട്രോവിമാബ് ഫലപ്രദമാണെന്നാണ് ക്ലിനിക്കൽ പരീക്ഷണഫലങ്ങൾ തെളിയിക്കുന്നത്.

WAM