ആറ് മാസം നീണ്ട് നിന്ന ദീർഘകാല ബഹിരാകാശയാത്രയ്ക്ക് ശേഷം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഭൂമിയിൽ മടങ്ങിയെത്തി.
2023 സെപ്റ്റംബർ 4, തിങ്കളാഴ്ച രാവിലെ 8.17-നാണ് (യു എ ഇ സമയം) സുൽത്താൻ അൽ നെയാദി അടങ്ങുന്ന ബഹിരാകാശ സംഘത്തെ വഹിച്ച് കൊണ്ട് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയ ഡ്രാഗൺ ബഹിരാകാശപേടകം അമേരിക്കയിലെ, ഫ്ളോറിഡയ്ക്ക് സമീപം, ജാക്സൺവിൽ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ ഇറങ്ങിയത്.

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ 186 ദിവസം നീണ്ട് നിന്ന ദൗത്യത്തിന് ശേഷമാണ് സുൽത്താൻ അൽ നെയാദി അടങ്ങുന്ന ബഹിരാകാശ സംഘം ഭൂമിയിലേക്ക് മടങ്ങിയത്.

അറ്റ്ലാന്റിക് സമുദ്രത്തിൽ ഇറങ്ങിയ ഡ്രാഗൺ ബഹിരാകാശപേടകത്തെ പരിശോധനകൾക്ക് ശേഷം പ്രത്യേക കപ്പലിലേക്ക് മാറ്റി. തുടർന്ന് ബഹിരാകാശ സംഘം പേടകത്തിൽ നിന്ന് പുറത്തിറങ്ങി.

ഡ്രാഗൺ ബഹിരാകാശപേടകം ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന ദൃശ്യങ്ങൾ അമേരിക്കൻ ബഹിരാകാശ സഞ്ചാരി നിക്കോൾ സ്കോട്ട് ഫ്ലോറിഡ തീരത്ത് നിന്ന് പകർത്തിയിരുന്നു.
ഡ്രാഗൺ ബഹിരാകാശപേടകം ഭൂമിയിൽ ഇറങ്ങാനിരുന്ന അമേരിക്കയിലെ ഫ്ലോറിഡ തീരത്തിന് സമീപം ഉടലെടുത്തിട്ടുള്ള മോശം കാലാവസ്ഥയെത്തുടർന്ന് ഇവരുടെ ഭൂമിയിലേക്കുള്ള യാത്ര ഒരു ദിവസം മാറ്റിവെച്ചിരുന്നു.
സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള അൽ നെയാദി അടക്കമുള്ള ദൗത്യസംഘം 2023 മാർച്ച് 3-നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നത്. തുടർന്ന് ഇവർ വിവിധ ഗവേഷണങ്ങളുമായി ആറ് മാസം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തുടരുകയായിരുന്നു.