COVID-19 പ്രതിരോധം ശക്തമാക്കുന്നതിനായി മാർച്ച് 26-നു യു എ ഇയിൽ കാബിനറ്റ് കൊണ്ടുവന്ന പകർച്ചവ്യാധി സംബന്ധമായ നിയന്ത്രണങ്ങൾ മറികടക്കുന്നവർക്കെതിരെയുള്ള ശിക്ഷാനടപടികൾ ശരിവെച്ച് കൊണ്ട് യു എ ഇ അറ്റോർണി ജനറൽ തീരുമാനം പുറത്തിറക്കി. കൊറോണാ വൈറസ് വ്യാപനം തടയുന്നത്തിനായുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്തവർക്കെതിരെ നിയമനടപടികൾ എടുക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനത്തിനാണ് മാർച്ച് 27, വെള്ളിയാഴ്ച്ച അറ്റോർണി ജനറൽ അംഗീകാരം നൽകിയത്.
ഇതോടെ രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർദ്ദേശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർക്ക് കർശനമായ ശിക്ഷകൾ നേരിടേണ്ടി വരും. ഈ തീരുമാനപ്രകാരം ഒന്നിൽ കൂടുതൽ തവണ നിർദ്ദേശങ്ങൾ തെറ്റിക്കുന്നവർക്ക് ഇരട്ടി പിഴയും, കോടതി നടപടികളും നേരിടേണ്ടി വരും.
നിയമലംഘനങ്ങളും അതിനുള്ള പിഴകളും:
- നിർബന്ധമായുള്ള ആശുപത്രി ചികിത്സ, മരുന്നുകൾ എന്നിവയ്ക്ക് വിധേയനാകാനുള്ള ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശം മറികടക്കുന്നവർക്കെതിരെ 50,000 ദിർഹം പിഴചുമത്തും.
- ഹോം ക്വാറന്റൈൻ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്ക് 50,000 ദിർഹം പിഴ.
- പ്രവർത്തനങ്ങളും സേവനങ്ങളും നിർത്തിവെക്കാനുള്ള അധികൃതരുടെ നിർദ്ദേശം മറികടന്ന് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കഫേ, സിനിമാഹാളുകൾ മുതലായ സ്ഥാപനങ്ങൾ, ആളുകൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കുന്ന ഭക്ഷണ ശാലകൾ എന്നിവയ്ക്ക് 50,000 ദിർഹം പിഴ. പാർക്കുകൾ, സ്വിമിങ് പൂളുകൾ മുതലായവ നിർദ്ദേശങ്ങൾ മറികടന്ന് പ്രവർത്തിപ്പിക്കുന്നവർക്കും 50,000 ദിർഹം പിഴ ഈടാക്കുന്നതാണ്.
- ഇത്തരം പൊതുഇടങ്ങൾ സന്ദർശിക്കുന്ന ജനങ്ങൾക്ക് 500 ദിർഹം പിഴ
- ചടങ്ങുകൾ, പരിപാടികൾ, ആഘോഷങ്ങൾ എന്നിവ പൊതുമേഖലയിലെ സ്വകാര്യ ഇടങ്ങളിലും സംഘടിപ്പിക്കുന്നവർക്ക് 10,000 ദിർഹം പിഴ. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് 5000 ദിർഹം പിഴ ചുമത്തും.
- വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിവർക്കുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്ക് 2000 ദിർഹം പിഴ ചുമത്തും.
- ആരോഗ്യ പരിശോധനയ്ക്ക് വിധേയനാകാനുള്ള ആരോഗ്യരംഗത്തെ വിദഗ്ധരുടെ നിർദ്ദേശം അനുസരിക്കാത്തവർക്ക് 5,000 ദിർഹം പിഴ.
- തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള ഇടങ്ങളിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ 3,000 ദിർഹം പിഴ.
- സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കപ്പലുകൾക്ക് 10,000 ദിർഹം പിഴ
- അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ വീടുകൾക്ക് പുറത്ത് ഇറങ്ങുന്നവർക്ക് 2,000 ദിർഹം പിഴ.
- രോഗം ബാധിച്ച ആളുടെ ശവസംസ്കാര ചടങ്ങുകളിലും, ശവശരീരങ്ങൾ നീക്കം ചെയ്യുമ്പോഴും പാലിക്കേണ്ട നിർദ്ദേശങ്ങൾ മറികടന്നാൽ 3,000 ദിർഹം പിഴ
- കാറുകളിൽ മൂന്ന് പേരിൽ കൂടുതൽ യാത്രക്കാർ ഉണ്ടെകിൽ 1,000 ദിർഹം പിഴ.
- പൊതുഇടങ്ങളിൽ സുരക്ഷിത അകലം പാലിക്കാത്തവർക്കും, മാസ്കുകൾ ധരിക്കാത്തവർക്കും 1,000 ദിർഹം പിഴ.
- പൊതുവാഹനങ്ങളിൽ അണുനശീകരണ നിർദ്ദേശങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്ക് 5,000 ദിർഹം പിഴ.
- അത്യാവശ്യങ്ങൾക്കല്ലാതെ ആശുപത്രികൾ സന്ദർശിക്കുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും.
1 thought on “യു എ ഇയിൽ COVID-19 നിർദ്ദേശങ്ങൾ മറികടന്നാൽ കടുത്ത ശിക്ഷാനടപടികൾ; നിയമം പ്രാബല്യത്തിൽ വന്നു”
Comments are closed.