യു എ ഇയിലെ പൗരന്മാർക്കും, നിവാസികൾക്കും അവരുടെ പൊതുആവശ്യങ്ങൾക്കായുള്ള വിദേശയാത്രകൾക്ക് അനുവാദം നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ജൂലൈ 3-നു രാത്രി NCEMA-യും, വിദേശകാര്യ മന്ത്രാലയവും, ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയും (ICA) ചേർന്ന് സംയുക്തമായി അറിയിച്ച ഈ തീരുമാന പ്രകാരം, യു എ ഇയിൽ നിന്ന്, രാജ്യത്തെ വിമാനത്താവളങ്ങളിലെ മുൻകരുതൽ നടപടികൾക്കും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായും, യാത്ര ചെയ്യുന്ന വിദേശരാജ്യത്തിന്റെ നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടും, രാജ്യത്തിനു പുറത്തേക്ക് യാത്രചെയ്യാവുന്നതാണ്.
ഇത്തരം യാത്രകൾക്കായി രാജ്യത്തെ കർശനമായ ആരോഗ്യ, സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന യു എ ഇയുടെ ദേശീയ വിമാനസർവീസുകളോ, മറ്റു വിമാനക്കമ്പനികളുടെ സർവീസുകളോ തിരഞ്ഞെടുക്കാവുന്നതാണ്. പൊതുസമൂഹത്തിന്റെ ആരോഗ്യസുരക്ഷ, യാത്രചെയ്യാനുദ്ദേശിക്കുന്ന വിദേശരാജ്യത്തെ നിബന്ധനകൾ, അത്തരം വിമാനത്താവളങ്ങളിൽ ആവശ്യമായിവരുന്ന ആരോഗ്യ പരിശോധനകൾ, യു എ യിലേക്ക് തിരികെ മടങ്ങുമ്പോൾ ആവശ്യമായിവരുന്ന ക്വറന്റീൻ ഉൾപ്പടെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുക്കൊണ്ടുള്ള യാത്രാ പെരുമാറ്റച്ചട്ടങ്ങൾ യു എ ഇ ഏർപെടുത്തിയതായും NCEMA അറിയിച്ചു.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച്കൊണ്ട് മാത്രമേ രാജ്യത്തു നിന്ന് പുറത്തേക്കും തിരികെയും യാത്രകൾക്ക് അനുമതി നൽകുകയുള്ളൂ എന്നും NCEMA വ്യക്തമാക്കി.
- യു എ ഇയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന എല്ലാ പൗരന്മാർക്കും, ത്വജുദി (Twajudi) സംവിധാനത്തിലൂടെയുള്ള രജിസ്ട്രേഷൻ നിർബന്ധമാണ്.
- യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന വിദേശരാജ്യങ്ങളിലെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ പ്രകാരം കൊറോണ വൈറസ് പരിശോധന നിർബന്ധമാണെങ്കിൽ, യു എ ഇയിൽ നിന്നുള്ള യാത്രികർ, യാത്ര ചെയ്യുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ എടുത്ത COVID-19 ടെസ്റ്റ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. COVID-19 ബാധിതനല്ലാ എന്ന് തെളിയിക്കുന്ന ഈ പരിശോധനാ ഫലം വിമാനത്താവളത്തിലെ ഇതുമായി ബന്ധപ്പെട്ട അധികൃതർക്ക് അൽ ഹൊസൻ ആപ്പ് വഴിയോ, മറ്റു മാർഗങ്ങളിലൂടെയോ നൽകേണ്ടതാണ്.
- ഇത്തരം പരിശോധനകൾ ആവശ്യമായ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
- യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യത്ത് യാത്രാ കാലയളവിൽ സാധുതയുള്ള, അന്തര്ദേശീയ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
- യു എ ഇയിലേക്ക് തിരികെ മടങ്ങുന്ന നിവാസികൾക്കും ഇത്തരം ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയരായി മാത്രമേ യാത്രകൾ അനുവദിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇയുടെ അംഗീകാരമുള്ള ടെസ്റ്റിംഗ് ലാബുകൾ ഉള്ള രാജ്യങ്ങളിൽ നിന്നും മടങ്ങുന്നവർക്ക് യാത്രകൾക്ക് മുൻപ് COVID-19 പരിശോധന നിർബന്ധമാണ്.
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോടും, 70 വയസിനു മുകളിൽ പ്രായമുള്ളവരോടും കഴിയുന്നതും യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.