രാജ്യത്തെ ആകെ ജനസംഖ്യയിൽ കൂടുതൽ COVID-19 ടെസ്റ്റുകൾ നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി യു എ ഇ മാറിയതായി സർക്കാർ വക്താവ് ഡോ.ഒമർ അബ്ദുൾറഹ്മാൻ അൽ ഹമ്മാദി അറിയിച്ചു. നിലവിൽ യു എ ഇയിൽ COVID-19 ടെസ്റ്റുകളുടെ എണ്ണം 10 ദശലക്ഷം കടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 6-നു നടന്ന കൊറോണ വൈറസ് വിശകലന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയുള്ള കാലയളവിൽ രാജ്യത്ത് 720802 COVID-19 ടെസ്റ്റുകൾ നടത്തിയതായി അൽ ഹമ്മാദി അറിയിച്ചു. അതിനു തൊട്ടുമുൻപുള്ള ആഴ്ച്ചയെ അപേക്ഷിച്ച് പരിശോധനകളുടെ എണ്ണത്തിൽ 8 ശതമാനം വർധനവ് ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയുള്ള കാലയളവിൽ കണ്ടെത്തിയ രോഗബാധിതരിൽ 16 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ആകെ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ കണ്ടെത്തിയ രോഗബാധിതരുടെ എണ്ണം 1 ശതമാനത്തിൽ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ കാലയളവിൽ രോഗമുക്തി നേടിയവരുടെ എണ്ണം 23 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
COVID-19 വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്
COVID-19 വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നവർ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. മാസ്കുകൾ, സമൂഹ അകലം എന്നീ സുരക്ഷാ മാനദണ്ഡങ്ങൾ വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്കും നിർബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിലുള്ള വാക്സിൻ ലഭിച്ചതു കൊണ്ട് കൊറോണ വൈറസ് ബാധയേൽക്കില്ല എന്ന ധാരണ പുലർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.