യു എ ഇ: മൂന്ന് പേർക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

featured UAE

രാജ്യത്ത് മൂന്ന് പേർക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. 2022 ജൂലൈ 24-നാണ് MoHAP ഇക്കാര്യം അറിയിച്ചത്.

രോഗബാധ മുൻകൂട്ടി കണ്ടെത്തി സ്ഥിരീകരിക്കുന്നതും, നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് യു എ ഇ നടപ്പിലാക്കിയിട്ടുള്ള നയങ്ങളുടെ ഭാഗമായാണ് മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതെന്ന് MoHAP വ്യക്തമാക്കി. രോഗം പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി യാത്രകളിൽ ജാഗ്രത പുലർത്താനും, ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കാനും പൊതുജനങ്ങളോട് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

മങ്കിപോക്സ്‌ പടരുന്നത് കൈകാര്യം ചെയ്യാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്ന് MoHAP ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ രോഗം സംബന്ധിച്ച കിംവദന്തികൾ പ്രചരിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യരുതെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യു എ ഇയിലെ ആദ്യത്തെ മങ്കിപോക്സ്‌ കേസ് MoHAP 2022 മേയ് 24-ന് സ്ഥിരീകരിച്ചിരുന്നു. നിലവിൽ എഴുപതിൽ പരം രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ള മങ്കിപോക്സ്‌ രോഗത്തെ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.