യു എ ഇയിലെ COVID-19 മരണനിരക്ക് 0.3 ശതമാനമായി കുറഞ്ഞതായി സർക്കാർ വക്താവ് ഡോ. ഒമർ അബ്ദുൾറഹ്മാൻ അൽ ഹമ്മാദി അറിയിച്ചു. രാജ്യത്തെ COVID-19 സാഹചര്യത്തെക്കുറിച്ച് വ്യക്തത നൽകുന്നതിനായി നടത്തിയ പത്ര സമ്മേളനത്തിലാണ് അൽ ഹമ്മാദി ഇക്കാര്യം അറിയിച്ചത്.
ഡിസംബർ 2 മുതൽ 8 വരെയുള്ള രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ കാലയളവിൽ 791739 COVID-19 പരിശോധനകൾ നടത്തിയതായി അറിയിച്ച അൽ ഹമ്മാദി, 8688 പേരിൽ രോഗബാധ സ്ഥിരീകരിച്ചതായും വ്യക്തമാക്കി. നിലവിലെ രോഗബാധയുടെ നിരക്ക് ഒരു ശതമാനത്തിൽ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിരക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെക്കാൾ വളരെയധികം താഴെയാണെന്നും അദ്ദേഹം അറിയിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ രോഗബാധയുടെ നിരക്ക് 11.9 ശതമാനമാണെന്നും, പശ്ചിമേഷ്യന് രാജ്യങ്ങളിൽ ഇത് 7.5 ശതമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കാലയളവിൽ 4628 പേർ രോഗമുക്തരായതായും, 20 പേർ COVID-19 രോഗബാധമൂലം മരിച്ചതായും അദ്ദേഹം അറിയിച്ചു. 0.3 എന്ന മരണനിരക്ക് ആഗോളതലത്തിൽ തന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ മൂലമുള്ള മരണനിരക്ക് 2.3 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു ഇടങ്ങളിലും മറ്റുമുള്ള മാസ്കുകളുടെ ഉപയോഗം വീഴ്ച്ച കൂടാതെ തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു. ദീർഘനേരം മാസ്കുകൾ ധരിക്കുന്നത് മൂലം ശരീരത്തിലെ ഓക്സിജന്റെ അളവിൽ കുറവ് രേഖപ്പെടുത്തുമെന്ന തരത്തിലുള്ള ധാരണകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ രീതിയിൽ മാസ്കുകൾ ധരിക്കുന്നതിലൂടെ രോഗബാധയേൽക്കാനുള്ള സാധ്യത കുറയുമെന്നും അദ്ദേഹം അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി രാജ്യത്തെ പ്രതിരോധ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.