യു എ ഇയിൽ നിലവിലുള്ള എല്ലാ വിസ, എമിറേറ്റ്സ് ഐഡി സംബന്ധമായ പിഴതുകകളും ഒഴിവാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു. ICA വക്താവ് ബ്രിഗേഡിയർ ജനറൽ ഖമീസ് അൽ കാബി മെയ് 13-നു വൈകീട്ട് ചേർന്ന വിർച്യുൽ പത്ര സമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാന്റെ ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം.
മാർച്ച് 1-നു മുൻപ് വിസ കാലാവധി കഴിഞ്ഞ യു എ ഇ റെസിഡൻസി വിസക്കാർക്കും സന്ദർശക വിസകൾക്കും ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഇതോടെ യു എ ഇയിലെ വിസ നിയമം ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന നിരവധി പ്രവാസികൾക്ക് പിഴ നടപടികൾ കൂടാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കും.
വിസാ കാലാവധി അവസാനിച്ച് അനധികൃതമായി യു എ ഇയിൽ തുടരുന്നവർക്ക് പിഴ കൂടാതെ മടങ്ങാൻ മെയ് 18 മുതൽ മൂന്ന് മാസം സമയം അനുവദിക്കുമെന്നും ICA അറിയിച്ചിട്ടുണ്ട്. ഈ നടപടികളിലൂടെ യു എ ഇയിൽ നിന്ന് മടങ്ങുന്നവർക്ക് തിരികെ വരുന്നതിനു തടസങ്ങൾ ഉണ്ടായിരിക്കില്ല എന്നും ICA വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ പ്രഖ്യാപനങ്ങൾ മാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ചവർക്കായിരിക്കും ബാധകമാകുക. മാർച്ച് 1-നു ശേഷം വിസ കാലാവധി തീർന്ന റെസിഡൻസി വിസകളുടെയും, എൻട്രി പെർമിറ്റുകളുടെയും കാലാവധി 2020 ഡിസംബർ 31 വരെ നീട്ടി നൽകുന്നതാണെന്ന് ഏപ്രിൽ 13-നു ICA അറിയിച്ചിരുന്നു.