ആഗോള തലത്തിൽ വിവിധ രാജ്യങ്ങൾ തങ്ങളുടെ വിമാനത്താവളങ്ങൾ താത്കാലികമായി അടയ്ക്കുകയും, യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുള്ള സാഹചര്യം കണക്കിലെടുത്ത്, നിലവിൽ യു എ ഇയിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് വിസകളുടെ കാലാവധി ഒരു മാസത്തേക്ക് കൂടി അധികമായി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചു. യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷേയ്ഖ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
ഇത്തരം ടൂറിസ്റ്റ് വിസകളുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടുന്നതിന് പ്രത്യേക ഫീസുകൾ ഒന്നും ഈടാക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇയിൽ പുതുവർഷ അവധിദിനങ്ങൾ ചെലവഴിക്കാനായി നിലവിൽ എത്തിയിട്ടുള്ള മുഴുവൻ വിനോദ സഞ്ചാരികൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഈ തീരുമാനം സഹായകമാകുന്നതാണ്.
ഇത്തരത്തിൽ പുതുവർഷ അവധിദിനങ്ങൾ ചെലവഴിക്കാനായി യു എ ഇയിൽ എത്തിയിട്ടുള്ള മുഴുവൻ വിനോദ സഞ്ചാരികൾക്കും ടൂറിസ്റ്റ് വിസ നീട്ടിനൽകുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ വരും ദിനങ്ങളിൽ കൈക്കൊള്ളുമെന്നും, യു എ ഇയിൽ തുടരുന്ന കാലയളവിൽ ഇവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.