ദുബായ്: കൊറോണാ വൈറസ് സംബന്ധമായ സംശയനിവാരണത്തിനും വിദഗ്‌ദ്ധാഭിപ്രായങ്ങൾക്കും സൗജന്യ 24/7 സേവനം

GCC News

ദുബായിലെ നിവാസികൾക്ക് കൊറോണാ വൈറസ് സംബന്ധമായ സംശയനിവാരണങ്ങൾക്കും, വിദഗ്‌ദ്ധാഭിപ്രായങ്ങൾക്കും സൗജന്യ 24/7 സേവനം ഒരുക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. വീഡിയോ, വോയിസ് കാളുകൾ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. നിലവിൽ സ്വയം ക്വാറന്റീനിൽ തുടരുന്ന ആളുകൾക്കും സംശയങ്ങൾക്ക് മറുപടികൾക്കായി ഈ സേവനം ഉപയോഗപ്പെടുത്താം.

DHA കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച “എല്ലാ പൗരന്മാർക്കും ഡോക്ടറുടെ സേവനം” (Doctor for Every Citizen) എന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ ഈ Covid-19 വിദഗ്‌ദ്ധോപദേശം നല്‍കുന്ന ഡോക്‌ടര്‍മാരുടെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. ഈ സംവിധാനം ഉപയോഗിക്കുന്നതിനായി DHA മൊബൈൽ ആപ്പ് സ്മാർട്ഫോണിൽ ഇൻസ്റ്റാൾ ചെയുകയും ഈ സംവിധാനത്തിലേക്ക് രെജിസ്റ്റർ ചെയുകയും വേണം. അതിനു ശേഷം ‘ഡോക്ടർ ഫോർ എവെരി സിറ്റിസൺ’ സംവിധാനത്തിലേക്ക് DHA-യുടെ ടോൾ ഫ്രീ നമ്പറായ 800 342 ഉപയോഗിച്ച് കൊണ്ട് ബന്ധപ്പെടുകയും ഡോക്ടറുടെ സേവനം ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്. അതിനു ശേഷം ആരോഗ്യ വിദഗ്ധരുമായി വിളിക്കുന്നയാളിന്റെ സൗകര്യപ്രകാരം വോയിസ് കാൾ അല്ലെങ്കിൽ വീഡിയോ കാൾ വഴി ഡോൿടറുടെ സേവനം ഉപയോഗിക്കാം.

വീടുകൾക്ക് പുറത്തിറങ്ങാതെ തന്നെ ഈ സംവിധാനത്തിലൂടെ വിദഗ്‌ദ്ധാഭിപ്രായങ്ങൾ ആരായുന്നതിനു സൗകര്യമൊരുക്കുന്നതിനാൽ പ്രത്യേകിച്ചും സ്വയം ക്വാറന്റീനിൽ തുടരുന്ന ആളുകൾക്ക് ഈ പദ്ധതി വളരെ പ്രയോജനപ്രദമാകും. വിദേശങ്ങളിൽ നിന്നും യാത്രചെയ്തു വരുന്ന പലർക്കും ഹോം ക്വാറന്റീൻ നടപടി നിർബന്ധമായതു കൊണ്ട്, ആ കാലയളവിൽ അവർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സുരക്ഷിതമായി ഈ സംവിധാനത്തിലൂടെ ആരോഗ്യ വിദഗ്‌ദ്ധരുമായി ചർച്ചചെയ്യാനും ഉപദേശങ്ങൽ സ്വീകരിക്കാനും കഴിയും. ആവശ്യമായ ചികിത്സകൾ, പരിശോധനകൾ, തുടർനടപടികൾ എന്നിവയെല്ലാം ഇതിലൂടെ നിർദ്ദേശിക്കാൻ ആരോഗ്യ വിദഗ്ദ്ധർക്ക് സാധിക്കും.