റമദാൻ: യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി

GCC News

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ റമദാനിലെ നോമ്പ് എടുക്കുന്നതു സംബന്ധിച്ചും, പ്രാർത്ഥനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി. COVID-19 രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ആവശ്യമെങ്കിൽ നോമ്പ് എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാമെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, അവരുടെ ജോലിസമയങ്ങളിൽ ആവശ്യമെങ്കിൽ നോമ്പെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാമെന്നും കൗൺസിൽ അറിയിച്ചു. വിർച്യുൽ സംവിധാനങ്ങളിലൂടെയുള്ള ചർച്ചകൾക്ക് ശേഷമാണ് യു എ ഇ ഫത്‌വ കൗൺസിൽ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ അറിയിച്ചത്.

റമദാൻ മാസത്തിലെ തറാവീഹ് നമസ്കാരം വീടുകളിൽ നിർവഹിക്കേണ്ടതാണ് എന്നും കൗൺസിൽ അറിയിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങൾ മാത്രമേ പ്രാർത്ഥനകൾക്കായി ഒത്തുചേരാവു എന്നും നിർദ്ദേശമുണ്ട്.

നിലവിലെ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ ഈദ് പ്രാർത്ഥനയും വീടുകളിൽ വെച്ച് നടത്താനാണ് കൗൺസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ആളുകൾ കൂട്ടമായി ഒത്തുചേരുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൊറോണാ വൈറസ് പ്രതിരോധ സംബന്ധമായ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും വൈറസിന്റെ വ്യാപനം ഒഴിവാക്കാൻ സമൂഹ അകലം നിർബന്ധമാണെന്നും പൊതുജനങ്ങളെ കൗൺസിൽ ഓർമിപ്പിച്ചു.