യു എ ഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. സുബ്രഹ്മണ്യം ജയശങ്കറിനെ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ദുബായിൽ നടന്ന കൂടിക്കാഴ്ചയിൽ, യു എ ഇയും, ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും, ശക്തവുമായ ചരിത്രപരമായ ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇതോടൊപ്പം സാമ്പത്തിക വശം ഉൾപ്പെടെ എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്യപ്പെട്ടു. യു എ ഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴവും, ഇരു രാജ്യങ്ങളുടെയും നേതൃത്വം നൽകുന്ന പിന്തുണയുടെയും കരുതലിന്റെയും വെളിച്ചത്തിൽ, എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്താനുള്ള തീവ്രത തുടരുന്നതായും ഷെയ്ഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.
യു എ ഇ യും ഇന്ത്യയും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധത്തെ ജയശങ്കർ പ്രശംസിക്കുകയും 2023-ൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയുടെ ഇരുപത്തെട്ടാമത് സെഷന് (COP 28) ആതിഥേയത്വം വഹിക്കാൻ യു എ ഇയെ തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
WAM