യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു. രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികളിലെ മുൻനിര പ്രവർത്തകർക്ക്, നിലവിൽ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുന്ന വാക്സിൻ നൽകുന്നതിന് യു എ ഇ അനുവാദം നൽകിയതായി സെപ്റ്റംബർ 14-നു ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ തീരുമാനത്തെത്തുടർന്നാണ് യു എ ഇ ആരോഗ്യ മന്ത്രി വാക്സിൻ സ്വീകരിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് രോഗം പിടിപെടുന്നതിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ, ഇവർക്ക് സംരക്ഷണം നൽകുന്നതിനായാണ് വാക്സിൻ നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ നിയമങ്ങളും, മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ച് കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം ഘട്ട വാക്സിൻ പരീക്ഷണങ്ങളുടെ ഇതുവരെയുള്ള പഠന റിപ്പോർട്ടുകൾ വളരെയധികം ആത്മവിശ്വാസം നൽകുന്നതാണെന്നും, വാക്സിൻ തീർത്തും സുരക്ഷിതമാണെന്നാണ് ഇതുവരെയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. COVID-19 മഹാമാരി മൂലമുണ്ടാകുന്ന മരണങ്ങൾ തടയാൻ വാക്സിൻ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായാണ് നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യു എ ഇയിൽ നടപ്പിലാക്കുന്നത്. 15000 സന്നദ്ധസേവകരെ ലക്ഷ്യമിട്ട് യു എ ഇയിൽ ആരംഭിച്ച വാക്സിൻ പരീക്ഷണത്തിൽ, കേവലം 6 ആഴ്ച്ച കൊണ്ട് 31000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായി.