പൊതുജനങ്ങളിൽ COVID-19 സുരക്ഷാ നടപടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി യു എ ഇയിലെ ആരോഗ്യ മന്ത്രാലയം (MoHAP) ഒരു സ്വയം നിയന്ത്രിത വാഹനത്തിന്റെ സേവനം പരീക്ഷിക്കുന്നു. ഷാർജയിലെ ഒരു പാർപ്പിട സമുച്ചയത്തിലാണ് സമൂഹ അകലം, മാസ്കുകളുടെയും കയ്യുറകളുടെയും ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണത്തിനായി ഈ കൃത്രിമ ബുദ്ധി ഉപയോഗിച്ച് സ്വയം നിയന്ത്രിക്കുന്ന വാഹനം MoHAP പ്രവർത്തനക്ഷമമാക്കിയിട്ടുള്ളത്.
ഈ വാഹനത്തിൽ നിന്ന് പാർപ്പിട മേഖലയിലെ നിവാസികൾക്ക് മാസ്ക്, കയ്യുറ, സാനിറ്റൈസർ മുതലായ PPE ഉപകരണങ്ങൾ ലഭ്യമാകുന്നതാണ്. സ്വയം നിയന്ത്രിത വാഹന നിർമ്മാതാക്കളായ നിയോലിക്സ് (Neolix), ഷാർജയിലെ ഫാമിലി ഹെൽത്ത് പ്രൊമോഷൻ സെന്റർ, വാവെയ് (Huawei) എന്നീ സ്ഥാപനങ്ങൾ MoHAP-മായി സംയുക്തമായാണ് ഈ പ്രചാരണപരിപാടി നടപ്പിലാക്കിയത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും, നിർമ്മിത ബുദ്ധിയും ഉപയോഗിച്ച് കൊണ്ട് COVID-19 പ്രതിരോധത്തിനു ശക്തി നൽകുക എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നയം വ്യക്തമാക്കുന്നതാണ് ഈ ബോധവത്കരണ നടപടി. നിലവിൽ MoHAP നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിരവധി COVID-19 അവബോധ പരിപാടികളിൽ ഒന്നാണിത്.
Photo: WAM