മാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള സമയം 2020 ഡിസംബർ 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) പ്രഖ്യാപിച്ചു. എമിറേറ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മാർച്ച് 1-നു മുൻപുള്ള, യു എ ഇയിലെ ടൂറിസ്റ്റ്, വിസിറ്റ്, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിസാ നിയമലംഘനങ്ങൾക്കും ഈ പൊതുമാപ്പ് കാലാവധി ബാധകമാണെന്നും, ഇവർ ഡിസംബർ 31-നു മുൻപ് രാജ്യത്തു നിന്ന് മടങ്ങുകയാണെങ്കിൽ പിഴ തുകകൾ ഒഴിവാക്കി നൽകുമെന്നും ICA വ്യക്തമാക്കിയിട്ടുണ്ട്. ICA ഡയറക്ടർ ജനറൽ, മേജർ ജനറൽ സയീദ് റകാൻ അൽ റാഷിദിയാണ് മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് ഡിസംബർ 31 വരെ അധിക സമയം അനുവദിച്ചതായി അറിയിച്ചത്. ഇത്തരക്കാർക്ക് ഈ വർഷം അവസാനം വരെയുള്ള കാലയളവിനിടയിൽ രാജ്യം വിടുകയോ, തങ്ങളുടെ വിസ പുതുക്കുകയോ ചെയ്യാമെന്നും അൽ റാഷിദി കൂട്ടിച്ചേർത്തു.
നേരത്തെ, മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ച, വിസാ നിയമലംഘകർക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനു മെയ് 18 മുതൽ ഓഗസ്റ്റ് 18 വരെയുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് കാലയളവാണ് ICA അനുവദിച്ചിരുന്നത്. പിന്നീട് ICA ഓഗസ്റ്റ് 18 മുതൽ നവംബർ 17 വരെ അധിക സമയം അനുവദിച്ച് കൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഈ പൊതുമാപ്പ് കാലാവധി ഇന്ന് (നവംബർ 17) അവസാനിക്കാനിരിക്കെയാണ് ICA ഇപ്പോൾ ഇവർക്ക് ഈ വർഷം അവസാനം വരെ സമയം അനുവദിക്കാൻ തീരുമാനിച്ച് കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയത്.