സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് യാത്രാ വിലക്കുകൾ നേരിടുന്നുണ്ടോ എന്ന് ദുബായ് പോലീസ് ആപ്പിലൂടെ പരിശോധിക്കാം

UAE

എമിറേറ്റിൽ ഏതെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നിയമനടപടികളോ, യാത്രാ വിലക്കുകളോ നേരിടുന്നുണ്ടോ എന്ന് അറിയുന്നതിനായി ദുബായ് പോലീസ് സ്മാർട്ട് ആപ്പ് അല്ലെങ്കിൽ സ്മാർട്ട് പോലീസ് സ്റ്റേഷൻ എന്നിവയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താമെന്ന് നിവാസികളോട് അധികൃതർ അറിയിച്ചു. ചെക്ക് സംബന്ധമായ കുറ്റകൃത്യങ്ങൾ മുതലായവയിൽ പെടുന്നവർക്ക് യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരുന്ന പശ്ചാത്തലത്തിലാണ്, സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം നിയമനടപടികൾ ഒന്നും നേരിടുന്നില്ലെന്ന് പരിശോധിക്കാൻ നിവാസികളോട് പോലീസ് നിർദ്ദേശിച്ചത്.

ദുബായ് പോലീസ് സ്മാർട്ട് ആപ്പ്, ദുബായ് പോലീസ് വെബ്സൈറ്റ്, സ്മാർട്ട് പോലീസ് സ്റ്റേഷൻ സംവിധാനം എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. സ്മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് ഇത്തരം വിവരങ്ങൾ അറിയുന്നതിനുള്ള നടപടിക്രമങ്ങളും അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.

സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നിയമനടപടികളോ, യാത്രാ വിലക്കുകൾ നേരിടുന്നുണ്ടോ എന്ന് ദുബായ് പോലീസ് ആപ്പിലൂടെ പരിശോധിക്കാനുള്ള നടപടികൾ:

  • ദുബായ് പോലീസ് സ്മാർട്ട് ആപ്പ് തുറക്കുക.
  • സ്മാർട്ട് ആപ്പിൽ Services > Criminal Services എടുക്കുക.
  • Criminal Services-നു കീഴിൽ ‘Criminal Status of Financial Cases’ തുറക്കുക.
  • ഇവിടെ നിങ്ങളുടെ എമിറേറ്സ് ഐഡി നൽകേണ്ടതാണ്.
  • തുടർന്ന് ഈ സേവനത്തിന്റെ സാധുത ഉറപ്പാക്കുന്നതിനായി നിങ്ങൾക്ക് SMS വഴി ലഭിക്കുന്ന OTP നൽകുക.
  • നിങ്ങൾക്കെതിരെ ഇത്തരം നിയമനടപടികൾ ഒന്നും ഇല്ലെങ്കിൽ ആപ്പിൽ ‘No Criminal Circulars in Financial Cases for Emirates ID’ എന്ന സന്ദേശം ലഭിക്കുന്നതാണ്.
  • മറിച്ച് നിങ്ങൾക്കെതിരെ ഇത്തരം നിയമനടപടികൾ ഉണ്ടെങ്കിൽ, അത്തരം കേസുകൾ സംബന്ധിച്ച തീയ്യതി, പോലീസ് സ്റ്റേഷൻ, തുക, കേസിന്റെ വിവരങ്ങൾ എന്നിവ ലഭിക്കുന്നതാണ്.
  • യാത്രാ വിലക്ക് നിലനിൽക്കുന്നുണ്ടെങ്കിൽ നിങ്ങൾ ബന്ധപ്പെടേണ്ട ഡിപ്പാർട്മെന്റ് സംബന്ധമായ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
  • ആപ്പിലൂടെ ഈ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്മാർട്ട് പോലീസ് സ്റ്റേഷൻ സംവിധാനം ഉപയോഗിക്കാവുന്നതാണ്.