അബുദാബി: അൽ ബഹിയയിലെ കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി

UAE

കടലിനോട് ചേർന്നുള്ള കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD), നാഷണൽ അക്വേറിയം എന്നിവരുടെ സംയുക്ത ശ്രമങ്ങളുടെ ഭാഗമായി രക്ഷപ്പെടുത്തി അറേബ്യൻ ഗൾഫിലെ തുറന്ന കടലിലേക്ക് തിരിച്ചയച്ചു. ഏതാണ്ട് 6 മീറ്ററോളം നീളമുള്ള തിമിംഗല സ്രാവിനെ അൽ ബഹിയയിലെ കടലിനോട് ചേർന്നുള്ള മനുഷ്യ നിർമ്മിതമായ കായലിൽ അകപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് EAD ശാസ്ത്രജ്ഞർ സ്ഥിതിഗതികൾ വിലയിരുത്തുകയും, സ്രാവ് കായലിൽ കുടുങ്ങികിടക്കുകയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. സ്രാവിന്‌ ഭക്ഷണം കഴിക്കാനോ, അനാവശ്യ മനുഷ്യ ഇടപെടലുകൾ ഒഴിവാക്കാനോ കഴിയുന്നില്ല എന്ന് മനസ്സിലാക്കിയതോടെ ഇതിനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. EAD, നാഷണൽ അക്വേറിയം എന്നിവയിലെ പ്രവർത്തകരുടെ സംഘം തങ്ങളുടെ വൈദഗ്ധ്യത്തിന്റെയും ഉപകരണങ്ങളുടേയും പിന്തുണയോടെ രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. ഇരു സംഘങ്ങളുടെയും സംയുക്ത പരിശ്രമത്തോടെ ആരംഭിച്ച രക്ഷാപ്രവർത്തനം വിജയകരമാക്കുന്നതിൽ നാഷണൽ അക്വേറിയം പ്രവർത്തകർ മുഖ്യ പങ്ക് വഹിച്ചു.

EAD പ്രവർത്തകരുടെ മേൽനോട്ടത്തിൽ മുങ്ങൽ വിദഗ്ദർ, നാഷണൽ അക്വേറിയം പ്രത്യേകം വികസിപ്പിച്ചെടുത്ത ജലത്തിൽ ഉപയോഗിക്കാവുന്ന മാർദ്ദവമേറിയ ഒരു പ്രത്യേക പ്ലാസ്റ്റിക് ട്രാൻസ്‌പോർട്ട് ബാഗ്‌ ഉപയോഗിച്ച് സ്രാവിനെ കായലിൽ നിന്ന് ശ്രദ്ധാപൂർവ്വം പിടികൂടുകയായിരുന്നു. ഈ ട്രാൻസ്‌പോർട്ട് ബാഗ് തിമിംഗല സ്രാവിന്റെ സാധാരണ നീന്തൽ വേഗതയേക്കാൾ വേഗത്തിൽ ജലത്തിലൂടെ സഞ്ചരിച്ച് കൊണ്ടാണ് ഇതിനെ പിടികൂടിയത്.

തുടർന്ന് അബുദാബി മറൈൻ ക്ലബിലെ ജെറ്റ് സ്കീ ഓപ്പറേറ്റർമാരുടെ സംഘം ഈ ട്രാൻസ്‌പോർട്ട് ബാഗ്‌ ശ്രദ്ധാപൂർവ്വം കെട്ടിവലിച്ച് കൊണ്ട് 20 കിലോമീറ്റർ ദൂരെ അറേബ്യൻ ഗൾഫിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഈ യാത്രയിലുടനീളം സ്രാവിന്റെ ആരോഗ്യം മുങ്ങൽവിദഗ്ദർ തുടരെ പരിശോധിച്ചിരുന്നു.

കടലിലേക്ക് തുറന്ന് വിടുന്നതിന് മുൻപായി ഈ തിമിംഗല സ്രാവിന്റെ ദേഹത്തിൽ സൗദി അറേബ്യയിലെ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി നൽകിയ സാറ്റലൈറ്റ് ടാഗ് ഘടിപ്പിക്കുകയുണ്ടായി. മോചിപ്പിച്ച ശേഷമുള്ള അഞ്ച് ദിവസത്തെ നിരീക്ഷണത്തിൽ ഈ സ്രാവ് അറേബ്യൻ ഗൾഫിൽ 232 കിലോമീറ്റർ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്രാവ് ആരോഗ്യവാനാണെന്ന് ഇത് തെളിയിക്കുന്നു. ഇപ്പോൾ ഈ സ്രാവിനെ അറേബ്യൻ ഗൾഫിലെ മറ്റു സ്രാവുകളോടൊപ്പം ചേരാനുള്ള യാത്രയെക്കുറിച്ച് പഠിക്കുന്നതിനായി തുടർച്ചയായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

അബുദാബി പോലീസ്, അബുദാബി മാരിടൈം, അബുദാബി പോർട്ട്സ്, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പുകൾ, അബുദാബി മറൈൻ, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കോസ്റ്റൽ പ്രൊട്ടക്ഷൻ അതോറിറ്റി, അൽദാർ പ്രോപ്പർട്ടീസ് എന്നിവയുൾപ്പെടെ നിരവധി സംഘങ്ങൾ വിവിധ രീതികളിൽ ഈ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. പരിക്കേറ്റ വന്യജീവികളെക്കുറിച്ചോ, പരിസ്ഥിതിസംബന്ധമായ അടിയന്തിരാവസ്ഥകളോ 800555 എന്ന നമ്പറിൽ അറിയിക്കാൻ EAD പൊതു സമൂഹത്തോട് ആഹ്വാനം ചെയ്തു.