വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിടുന്ന ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 6-നാണ് ICP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേറിന്റെ ഔദ്യോഗിക നാമം ദുരുപയോഗം ചെയ്തു കൊണ്ട് അജ്ഞാത നമ്പറുകളിൽ നിന്ന് അയക്കുന്ന ടെക്സ്റ്റ് സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ICP ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സംശയകരമായ സന്ദേശങ്ങളിൽ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും ICP കൂട്ടിച്ചേർത്തു.
നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് വിവിധ തരത്തിലുള്ള പിഴ തുകകൾ അടയ്ക്കാൻ ആവശ്യപ്പെടുന്ന തരത്തിലുള്ളവയാണ് ഇത്തരം സന്ദേശങ്ങളെന്നും, ഇവയുടെ കെണിയിൽ കുരുങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.