വരും നാളുകളിൽ നടക്കാനിരിക്കുന്ന യു എ ഇ ദേശീയ ദിനമുൾപ്പടെയുള്ള വലിയ ആഘോഷവേളകൾ കണക്കിലെടുത്ത് പാലിക്കേണ്ടതായ COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അധികൃതർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. നവംബർ 17, ചൊവാഴ്ച്ച നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരിയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ദിനം, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ ആഘോഷവേളകളിൽ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും, ആഘോഷവേളകളിലെ ആശംസകൾ അർപ്പിക്കുന്നതിനായി ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗപ്പെടുത്താനും NCEMA പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വേളകളിലെ എല്ലാ പ്രവർത്തനങ്ങളും ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണെന്ന് ഉറപ്പാക്കേണ്ടതാണ്.
ഇത്തരം ആഘോഷങ്ങൾക്കായുള്ള സ്വകാര്യ ഒത്തുചേരലുകൾ, ഘോഷയാത്രകൾ എന്നിവ കർശനമായി നിരോധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ആഘോഷങ്ങൾക്കായി ഒരുതരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് അറിയിച്ച ഡോ. സൈഫ് അൽ ദഹരി, ആഘോഷ വേളകളിൽ പാരിതോഷികങ്ങൾ, ഭക്ഷണസാധനകൾ എന്നിവ വിതരണം ചെയ്യരുതെന്നും കൂട്ടിച്ചേർത്തു. എല്ലാ ആഘോഷങ്ങളും ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിമിതപ്പെടുത്താനും അദ്ദേഹം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.
ആഘോഷങ്ങളുടെ ഭാഗമായി, മൂന്ന് മണിക്കൂറിലധികം നീണ്ട് നിൽക്കുന്ന സംഗീതമേളകൾ, പ്രത്യേക സദസ്സുകൾ എന്നിവയ്ക്ക് മുൻകൂർ അനുമതി നിർബന്ധമാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വിനോദകേന്ദ്രങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം, ശരീരോഷമാവ് പരിശോധിക്കുന്നതിനായി തെർമൽ കാമറകൾ എന്നിവ നിർബന്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അനുമതി ലഭിക്കുന്ന ചടങ്ങുകളിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, മുഴുവൻ സമയവും ചുമതലയുള്ള പ്രത്യേക ജീവനക്കാരെ ഏർപ്പാടാക്കേണ്ടതാണ്. പൊതു ഇടങ്ങളിൾ ദിനം മുഴുവൻ ശുചീകരണ നടപടികളും, അണുവിമുക്തമാക്കുന്ന പ്രക്രിയകളും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സമൂഹ അകലം, അണുനശീകരണം, പൊതുജനങ്ങളുടെ ആരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയുള്ള ആഘോഷങ്ങൾ മാത്രമാണ് അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലിടങ്ങളിലെ ആഘോഷങ്ങൾ കേവലം കൊടിതോരണങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള അലങ്കാരങ്ങൾ മാത്രമാക്കി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ ആളുകൾ ഒത്തചേർന്നുള്ള യാതൊരു ആഘോഷങ്ങളും അനുവദിക്കുന്നതല്ല. കരിമരുന്ന്പ്രയോഗം പോലുള്ള കാഴ്ച്ചകൾ കാണുന്നതിനായുള്ള ഒത്ത് ചേരലുകളും അനുവദിക്കുന്നതല്ല എന്നും അദ്ദേഹം അറിയിച്ചു.