യു എ ഇ: പന്ത്രണ്ടാം ഗ്രേഡ് പരീക്ഷകൾ സംബന്ധിച്ച് NCEMA മാനദണ്ഡങ്ങൾ പുറത്തിറക്കി

GCC News

2021 ജൂണിൽ നടക്കുന്ന പന്ത്രണ്ടാം ഗ്രേഡ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി. യു എ ഇ വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് സംയുക്തമായാണ് NCEMA ഈ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ പരീക്ഷ നടത്തുന്നതിന്റെ ഭാഗമായി പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ ഈ അറിയിപ്പിൽ NCEMA വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷകൾക്കായി വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ ജീവനക്കാർ തുടങ്ങിയ മുഴുവൻ ആളുകളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് ഈ തീരുമാനം.

പന്ത്രണ്ടാം ഗ്രേഡ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് NCEMA ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ:

  • പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ ജീവനക്കാർ (ക്ലീനിങ്ങ്, കാറ്ററിംഗ്, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെ) എന്നിവർ 2021 ജൂൺ 8, ചൊവ്വാഴ്ച്ച, 2021 ജൂൺ 13, ഞായറാഴ്ച്ച ദിനങ്ങളിൽ PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. ഇവ നാല് ദിവസത്തിനിടയിൽ നേടിയ PCR പരിശോധനാ ഫലങ്ങളായിരിക്കണം.
  • പരീക്ഷകൾക്ക് 60 മിനിറ്റ് മുൻപ് മാത്രമാണ് സ്‌കൂൾ ഗേറ്റുകൾ തുറക്കുന്നത്.
  • വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് 30 മിനിറ്റ് മുൻപ് ഹാജരാകണം.
  • വിദ്യാർത്ഥികളോടൊപ്പം എത്തുന്ന രക്ഷിതാക്കൾ തങ്ങളുടെ വാഹനങ്ങൾ തന്നെ തുടരേണ്ടതാണ്.
  • രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന വിദ്യാർത്ഥികളോ, ജീവനക്കാരോ വിദ്യാലയങ്ങളിൽ പ്രവേശിക്കരുത്.
  • പരീക്ഷാ ഹാളുകളിൽ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം എന്നിവ നിർബന്ധമാണ്.
  • രോഗബാധിതരായ വിദ്യാർത്ഥികൾ, രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വിദ്യാർത്ഥികൾ എന്നിവർക്ക് പരീക്ഷയ്ക്കിരിക്കുന്നതിൽ ഇളവ് നൽകിയിട്ടുണ്ട്. ഇവർക്ക് സുരക്ഷിതമായി പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.