യു എ ഇ: ഈദുൽ അദ്ഹ വേളയിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

UAE

COVID-19 സുരക്ഷാ നിബന്ധനകൾ പാലിച്ച് കൊണ്ട് രാജ്യത്തെ പള്ളികളിൽ ഈദുൽ അദ്ഹ പ്രാർത്ഥനകൾ നടത്തുന്നതിന് വിശ്വാസികൾക്ക് അനുമതി നൽകുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. ജൂലൈ 13-ന് രാത്രിയാണ് NCEMA ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

ഈദുൽ അദ്ഹ ആഘോഷങ്ങളുടെ വേളയിൽ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങളും NCEMA അറിയിച്ചിട്ടുണ്ട്:

  • പള്ളികളിൽ ഖുത്ബയ്ക്കായി പരമാവധി 15 മിനിറ്റാണ് അനുവദിക്കുന്നത്.
  • ഈദുൽ അദ്ഹ പ്രാർത്ഥനകൾക്ക് പതിനഞ്ച് മിനിറ്റ് മുൻപ് മാത്രമാണ് പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പ്രാർത്ഥനകൾ കഴിയുന്നതോടെ പള്ളികൾ അടയ്ക്കുന്നതാണ്.
  • പ്രാർത്ഥനകൾക്കായി പള്ളികളിൽ എത്തുന്നവർ നിസ്കാര പായ കൈവശം കരുതേണ്ടതാണ്.
  • പള്ളികളിൽ സാമൂഹിക അകലം സംബന്ധിച്ചുള്ള അടയാളങ്ങൾ പതിക്കുന്നതാണ്.
  • COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ, വീടുകളിൽ COVID-19 രോഗബാധിതരുള്ളവർ എന്നീ വിഭാഗങ്ങൾ പള്ളികളിലേക്ക് പ്രവേശിക്കരുത്.
  • 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, പ്രായമായവർ തുടങ്ങിയവർ പള്ളികളിലെ പ്രാർത്ഥനകളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
  • പള്ളികളിലെ ശുചിമുറികൾ, ദേഹശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ, കുടിവെള്ള വിതരണ സംവിധാനങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുന്നതല്ല. റോഡുകളിലും, ഗ്യാസ് സ്റ്റേഷനുകളിലും പ്രവർത്തിക്കുന്ന പ്രാർത്ഥനാ ഇടങ്ങൾ, പള്ളികൾ എന്നിവ തുറക്കില്ല.
  • പള്ളികളിലെത്തുന്നവർ ഈദ് ആശംസിക്കുന്നതിനായി ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കേണ്ടതാണ്. പള്ളികളിൽ ആളുകൾ പ്രാർത്ഥനകൾക്ക് മുൻപോ, ശേഷമോ കൂടി നിൽക്കുന്നതിന് അനുമതിയില്ല.
  • കുടുംബ സംഗമങ്ങൾ, സന്ദർശനങ്ങൾ എന്നിവ പരമാവധി ഒഴിവാക്കേണ്ടതാണ്.