യു എ ഇ ഗോൾഡൻ ജൂബിലി: എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

GCC News

രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, യു എ ഇയുടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ നേട്ടങ്ങളെ എടുത്ത് കാട്ടുന്നതിനായി, എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകളും, സുവനീർ ഷീറ്റുകളും പുറത്തിറക്കി. സ്റ്റാമ്പുകൾക്ക് പുറമെ, എട്ട് സുവനീർ ഷീറ്റുകളും, ഒരു സ്റ്റാമ്പ് ഷീറ്റുമാണ് എമിറേറ്റ്സ് പോസ്റ്റ് യു എ ഇയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയിരിക്കുന്നത്.

ഇതിൽ ഏഴ് സുവനീർ ഷീറ്റുകൾ യു എ ഇയിലെ ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികളുടെ ഛായാചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. എട്ടാമത്തെ സുവനീർ ഷീറ്റിൽ എല്ലാ എമിറേറ്റുകളിലെയും ഭരണാധികാരികളുടെയും, കിരീടാവകാശികളുടെയും ഛായാചിത്രങ്ങൾ ഒരുമിച്ച് ആലേഖനം ചെയ്തിരിക്കുന്നു.

Source: Emirates Post.

രണ്ട് വ്യത്യസ്ത രൂപങ്ങളിൽ തയ്യാറക്കിയിരിക്കുന്ന സ്റ്റാമ്പുകൾ ഉൾപ്പെടുത്തിയാണ് സ്റ്റാമ്പ് ഷീറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിൽ ഒരു സ്റ്റാമ്പിൽ യു എ ഇയിലെ എല്ലാ എമിറേറ്റുകളിലെയും ഭരണാധികാരികളുടെയും, കിരീടാവകാശികളുടെയും ഛായാചിത്രങ്ങളും, രണ്ടാമത്തെ സ്റ്റാമ്പിൽ ‘ഇയർ ഓഫ് ദി 50th’ എന്ന ലോഗോയും ആലേഖനം ചെയ്തിരിക്കുന്നു.

Source: Emirates Post.

2021 ഡിസംബർ 2 മുതൽ എമിറേറ്റ്സ് പോസ്റ്റ് കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നിന്നും, https://www.emiratespostshop.ae/ എന്ന ഓൺലൈൻ വെബ്‌സൈറ്റിൽ നിന്നും ഈ സ്മാരക സ്റ്റാമ്പുകൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.