കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. 2024 ഓഗസ്റ്റ് 30-നാണ് NCM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
യു എ ഇ വിദേശകാര്യ മന്ത്രാലയവുമായി ചേർന്നാണ് NCM ഈ ‘ഏർലി വാണിംഗ് സിസ്റ്റം ഫോർ ഓൾ’ എന്ന ഡിജിറ്റൽ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ എല്ലാ കാലാവസ്ഥാ സാഹചര്യങ്ങളും, പ്രകൃതി ദുരന്തങ്ങളും നിരീക്ഷിക്കുന്നതാണ്.
വിദേശകാര്യ വകുപ്പ് കോൺസുലാർ അഫയേഴ്‌സ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫൈസൽ ഈസാ ലുഫ്തി, NCM ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ആഹ്മെദ് അൽ മാന്ദുസ് എന്നിവരാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചത്.
വിദേശത്തുള്ള യു എ ഇ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുക, നൂതന സാങ്കേതിക വിദ്യകൾ, കൃത്യമായ ഡാറ്റ എന്നിവയിലൂടെ പൊതുസുരക്ഷ ഉറപ്പാക്കുക, കൂടുതൽ മികച്ച രീതിയിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യങ്ങൾ.
WAM