ഒമാൻ ദേശീയ ദിനം: യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ ഒമാൻ രാജാവിന് ആശംസകൾ അറിയിച്ചു

UAE

ഒമാന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസകൾ നേർന്നു.

“രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ എന്റെ സഹോദരൻ സുൽത്താൻ ഹൈതം ബിൻ താരിഖിനും, ഒമാനിലെ ഞങ്ങളുടെ എല്ലാ സുഹൃത്തുകൾക്കും ആശംസകൾ നേരുന്നു. യു എ ഇയിലെ ജനത നിങ്ങളുടെ സഹോദരീ, സഹോദരന്മാരാണ്. ഞങ്ങളും നിങ്ങളോടൊപ്പം ഈ ആഘോഷത്തിൽ പങ്ക്ചേരുന്നു. നിങ്ങൾക്ക് ഭാവിയിലും എല്ലാ സന്തോഷങ്ങളും, സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.”, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

“അമ്പത്തിരണ്ടാമത് ദേശീയ ദിനം ആചരിക്കുന്ന ഒമാനും, അവിടുത്തെ നേതൃത്വത്തിനും, ജനങ്ങൾക്കും ഞങ്ങൾ ആശംസകൾ അർപ്പിക്കുന്നു. രാജ്യത്തെ പുരോഗമനത്തിന്റെ പാതയിൽ നയിക്കുന്ന എന്റെ സഹോദരൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ ഈ അവസരത്തിൽ ഞാൻ അനുമോദിക്കുന്നു. ഒമാനിലെ ജനങ്ങൾക്ക് എല്ലാ അഭിവൃദ്ധിയും ആശംസിക്കുന്നു. ഇരുരാജ്യങ്ങളുടെയും സാഹോദര്യം, സ്നേഹം, സഹകരണം എന്നിവ തുടരാനിടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”, H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.