യു എ ഇ: വ്യക്തികൾ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒഴിവാക്കി

GCC News

രാജ്യത്ത് വ്യക്തികൾ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ ഒഴിവാക്കി. യു എ ഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA), നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA), മറ്റു വകുപ്പുകൾ എന്നിവരുമായി ചേർന്നാണ് യു എ ഇ ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ വിലക്ക് 2025 ജനുവരി 7 മുതൽ നിബന്ധനകൾക്ക് വിധേയമായി പിൻവലിച്ചിട്ടുണ്ട്.

ഈ തീരുമാനം അനുസരിച്ച് യു എ ഇയിൽ ഏതാനം സുരക്ഷാ നിബന്ധനകൾ, നിയമങ്ങൾ എന്നിവ പാലിച്ച് കൊണ്ട് വ്യക്തികൾക്ക് ഡ്രോണുകൾ ഉപയോഗിക്കാവുന്നതാണ്. ഇത് സംബന്ധിച്ച വ്യവസ്ഥകൾ, മറ്റു വിവരങ്ങൾ എന്നിവ യു എ ഇ ഡ്രോൺസ് ആപ്പിൽ നിന്ന് ലഭ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇത് പ്രകാരം പകൽ സമയങ്ങളിലും, മികച്ച കാലാവസ്ഥാ സാഹചര്യങ്ങളിലും മാത്രമാണ് ഇത്തരത്തിൽ ഡ്രോണുകൾ ഉപയോഗിക്കാനാകുന്നത്. ഇവയുടെ ഉപയോഗം തീർത്തും വിനോദത്തിനായി മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും, വ്യക്തികൾക്ക് വാണിജ്യ ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കാനാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.