എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന പ്രൈമറി ലാൻഡിംഗ് സൈറ്റ് സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) പ്രഖ്യാപനം നടത്തി. സെപ്റ്റംബർ 4, ശനിയാഴ്ച്ചയാണ് MBRSC ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത് .
സ്വപ്നങ്ങളുടെ തടാകം എന്ന പേരിൽ അറിയപ്പെടുന്ന, ഇതുവരെ നിരീക്ഷണപഠനങ്ങൾക്ക് വിധേയമാകാത്ത പ്രദേശമായ ലാക്കസ് സോമ്നിയോറം (Lacus Somniorum) എന്ന ഇടമാണ് റാഷിദ് റോവർ ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഇവിടെ ഇറങ്ങുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടാകുന്ന അവസരത്തിൽ ലാൻഡ് ചെയ്യുന്നതിനായി ഇതിന് പുറമെ മറ്റു മൂന്ന് ഇടങ്ങളും MBRSC തിരഞ്ഞെടുത്തിട്ടുണ്ട്.
ചന്ദ്രന്റെ വടക്ക്കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന Lacus Somniorum ലാവാ പ്രവാഹം മൂലം രൂപപ്പെട്ടിട്ടുള്ള പ്രത്യേകതകൾ നിറഞ്ഞ ഇടമാണ്. പര്വ്വതാഗ്നി പ്രവാഹം മൂലം ഈ ഇടം അല്പം ചുവന്ന വർണ്ണത്തിലാണ് കാണപ്പെടുന്നത്.
ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി കഴിഞ്ഞ നവംബറിൽ MBRSC അറിയിച്ചിരുന്നു. ഈ പര്യവേഷണത്തിന്റെ ഭാഗമായി പൂർണ്ണമായും MBRSC-യിൽ നിർമ്മിക്കുന്ന ഒരു ചെറു ചന്ദ്രയാത്ര പേടകം ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കപ്പെടുന്നതാണ്.
ഈ ചന്ദ്രയാത്ര പേടകത്തിന്റെ നിർമ്മാണം നിലവിൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നടന്നു കൊണ്ടിരിക്കുകയാണ്. 2022-ഓടെ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ ചന്ദ്രയാത്ര പേടകം തുടർന്ന് ഒരു വർഷം സമഗ്രമായി പരിശോധനകൾക്ക് വിധേയമാക്കുന്നതാണ്. 2024-ലാണ് നിലവിൽ ഈ ചാന്ദ്രപര്യവേഷണ പദ്ധതിയുടെ വിക്ഷേപണം പ്രഖ്യാപിച്ചിട്ടുള്ളത്.