യു എ ഇ: കോർപ്പറേറ്റ് നികുതി നിയമത്തിൽ ഭേദഗതികൾ വരുത്തിയതായി ധനമന്ത്രാലയം

featured GCC News

കോർപ്പറേറ്റ് നികുതി നിയമത്തിലെ ഏതാനം വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്തിയതായി യു എ ഇ ധനമന്ത്രാലയം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോർപ്പറേഷനുകളുടെയും ബിസിനസ്സുകളുടെയും നികുതി സംബന്ധിച്ച 2022-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 47-ലാണ് ഭേദഗതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസ്സുകളുടെ വളർച്ചയെയും നവീകരണത്തെയും പിന്തുണയ്ക്കുന്നതിനായി ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് ടാക്സ് (DMTT) ഏർപ്പെടുത്തലും നികുതി ആനുകൂല്യങ്ങളും ഈ ഭേദഗതികളിൽ ഉൾപ്പെടുന്നു.

2025 ജനുവരി 1-നോ അതിനുശേഷമോ ആരംഭിക്കുന്ന സാമ്പത്തിക വർഷങ്ങളിൽ DMTT യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റിൻ്റെ (OECD) ടു പില്ലർ സൊല്യൂഷനുമായി യോജിച്ചാണ് DMTT നടപ്പിലാക്കുന്നത്.

ഈ നികുതി നടപ്പിലാക്കുന്ന സാമ്പത്തിക വർഷത്തിന് തൊട്ടുമുമ്പുള്ള നാല് സാമ്പത്തിക വർഷങ്ങളിൽ രണ്ടെണ്ണത്തിലെങ്കിലും 750 ദശലക്ഷം യൂറോ, അല്ലെങ്കിൽ അതിലധികമോ ആഗോള വരുമാനമുള്ള യു എ ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സംരംഭങ്ങൾക്ക് DMTT ബാധകമാകുന്നതാണ്.

സുസ്ഥിര വളർച്ച, നവീകരണം, നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഏതാനം കോർപ്പറേറ്റ് നികുതി ഇൻസെൻ്റീവുകൾ ഏർപ്പെടുത്തുന്ന കാര്യവും യു എ ഇ പരിഗണിക്കുന്നുണ്ട്. യു എ ഇയിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നവീകരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും പ്രോത്സാഹനം നൽകുന്നതിനുമായി ഒരു റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് (R&D) ടാക്സ് ഇൻസെൻ്റീവ് പരിഗണിക്കുന്നുണ്ട്.

ഈ ആനുകൂല്യങ്ങൾ സംബന്ധിച്ച് നികുതിദായകർക്ക് കൂടുതൽ വിശദാംശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ധനമന്ത്രാലയം പിന്നീട് നൽകുന്നതാണ്.