ഒമാൻ: 2022 ജനുവരി മുതൽ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുന്നു

featured GCC News

2022 ജനുവരി മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ (MoCIIP) അറിയിച്ചു. ഈ തീരുമാനം നിർബന്ധമാക്കുന്ന രാജ്യത്തെ നിലവിലുള്ള വാണിജ്യ മേഖലകളുടെ പട്ടികയും MoCIIP പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം 2022-ന്റെ തുടക്കം മുതൽ ഒമാനിൽ താഴെ പറയുന്ന വാണിജ്യ മേഖകളിലെത്തുന്ന ഉപഭോക്താക്കൾക്കായി ഇത്തരം സ്ഥാപനങ്ങൾ ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കേണ്ടതാണ്:

  • വ്യാവസായിക മേഖലകൾ.
  • വാണിജ്യ കേന്ദ്രങ്ങൾ.
  • ഗിഫ്റ്റ് മാർക്കറ്റുകൾ.
  • ഭക്ഷണ വില്പനശാലകൾ.
  • സ്വർണ്ണം, വെള്ളി വില്പനശാലകൾ.
  • റെസ്റ്ററന്റുകൾ, കഫെ.
  • പഴം, പച്ചക്കറി വില്പനശാലകൾ.
  • ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില്പനശാലകൾ.
  • കെട്ടിടനിർമ്മാണത്തിനായുള്ള ഉത്പന്നങ്ങളുടെ വില്പനശാലകൾ.
  • പുകയില കച്ചവടം.

ഈ തീരുമാനം വിവിധ വകുപ്പുകളുമായി ചേർന്നാണ് അടുത്ത ജനുവരി മുതൽ രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് MoCIIP വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മേഖലകളിലും ഈ സേവനം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം എന്ന രീതിയിലാണ് രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഈ തീരുമാനം നടപ്പിലാക്കുന്നത്. ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കുന്നത് ലക്ഷ്യമിടുന്ന ഒമാൻ 2040 നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.