അബുദാബി: ഷെയ്‌ഖ ഫാത്തിമ പാർക്ക് ഉദ്‌ഘാടനം ചെയ്തു

featured UAE

അബുദാബി ഖാലിദിയയിലെ അൽ ബതീൻ സ്ട്രീറ്റിൽ നിർമ്മിച്ചിട്ടുള്ള ഷെയ്‌ഖ ഫാത്തിമ പാർക്ക് യു എ ഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉദ്‌ഘാടനം ചെയ്തു. പാർക്കിന്റെ ഉദ്‌ഘാടന ചടങ്ങുകളുടെ ഭാഗമായി 2021 ഡിസംബർ 2, 3 തീയതികളിൽ ഷെയ്‌ഖ ഫാത്തിമ പാർക്കിൽ വെച്ച് കലാപരിപാടികൾ, സംഗീത പരിപാടികൾ, കായിക ഇനങ്ങൾ, കുട്ടികളുടെ വിനോദ പരിപാടികൾ, ഔട്ട്ഡോർ സിനിമ, ഫോട്ടോഗ്രാഫി പ്രദർശനം മുതലായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് തലവൻ ഫലാഹ് മുഹമ്മദ് അൽ അഹ്ബാബിയാണ് ഷെയ്‌ഖ ഫാത്തിമ പാർക്ക് ഉദ്‌ഘാടനം ചെയ്തത്. ജനങ്ങൾക്കിടയിൽ ആരോഗ്യപരമായ ജീവിത ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 46000 സ്‌ക്വയർ മീറ്ററിൽ അൽ ബതീൻ സ്ട്രീറ്റിൽ ഈ പാർക്ക് നവീകരണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിരിക്കുന്നത്.

Location of Sheikha Fatima Park, Abu Dhabi. Source: Google Maps.

ഷെയ്‌ഖ ഫാത്തിമ ബിൻത് മുബാറകിന്റെ പൈതൃകം, നേട്ടങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ പുതിയ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. അബുദാബി കോർണിഷിൽ നിന്ന് ഏതാനം മിനിറ്റുകൾ കൊണ്ട് ഈ പുതിയ പാർക്കിലേക്ക് എത്തിച്ചേരാവുന്നതാണ്. അബുദാബി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്, IMKAN പ്രോപ്പർടീസ് എന്നിവർ സംയുക്തമായാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്.

ഈ പാർക്കിൽ ഭക്ഷണവില്പനശാലകൾ, ചില്ലറ വില്പനശാലകൾ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. വളർത്ത് നായ്ക്കൾക്കായി പ്രത്യേകം ഒരുക്കിയ ഇടമുള്ള അബുദാബിയിലെ ആദ്യത്തെ പാർക്കാണിത്.