യു എ ഇ: സിനോഫാം CNBG COVID-19 വാക്സിനു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ തീരുമാനം

UAE

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ യു എ ഇ ആരോഗ്യ മന്ത്രാലയം (MOHAP) തീരുമാനിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ COVID-19 വാക്സിനേഷൻ പദ്ധതിയുടെ ഭാഗമാകാൻ സിനോഫാം CNBG അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ഇതിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകിയത്.

ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാനുള്ള തീരുമാനം ഈ വാക്സിനിന്റെ സുരക്ഷ, സഫലത എന്നിവയിൽ യു എ ഇ ആരോഗ്യ അധികൃതർക്കുള്ള വിശ്വാസത്തിന് അടിവരയിടുന്നു. സിനോഫാം തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യു എ ഇയിൽ ജൂലൈ പകുതി മുതൽ നടപ്പിലാക്കിയിരുന്നു. 15000 സന്നദ്ധസേവകരെ ലക്ഷ്യമിട്ട് യു എ ഇയിൽ ആരംഭിച്ച വാക്സിൻ പരീക്ഷണത്തിൽ, കേവലം 6 ആഴ്ച്ച കൊണ്ട് 31000-ത്തിൽ പരം സന്നദ്ധസേവകരാണ് പങ്കെടുത്തത്.

MOHAP, അബുദാബി ഹെൽത്ത് അതോറിറ്റി എന്നിവർ സംയുക്തമായി ഈ വാക്സിൻ പരീക്ഷണങ്ങൾ നിരീക്ഷിക്കുകയും COVID-19 രോഗബാധയ്‌ക്കെതിരെ 86% ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പരീക്ഷണങ്ങളിൽ കാര്യമായ മറ്റു സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയിരുന്നില്ല. തുടർന്ന് സെപ്റ്റംബർ മുതൽ സിനോഫാം തയ്യാറാക്കുന്ന വാക്സിന് രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും മറ്റും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള എമർജൻസി യൂസ് ഓതറൈസേഷൻ (EUA) നൽകിയിരുന്നു.

നിലവിൽ യു എ ഇയിൽ EUA പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ഈ വാക്സിനിന്റെ സുരക്ഷാ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച പഠനങ്ങൾ (Post Authorisation Safety Study – PASS), Post Authorisation Efficacy Study – PAES) നടന്നു കൊണ്ടിരിക്കുകയാണ്. ഇടക്കാല പഠന റിപ്പോർട്ടുകളും ഈ വാക്സിൻ ഫലപ്രദമാണെന്നാണ് സൂചിപ്പിക്കുന്നത്.