തൊഴിൽ നൈപുണ്യമുള്ളവർക്ക്, ഒന്നിലധികം തൊഴിലുടമകളുടെ കീഴിൽ തൊഴിലെടുക്കുന്നതിന് സഹായകമാകുന്ന മൾട്ടി-എംപ്ലോയർ കരാറുകളുടെ പ്രയോജനത്തെ കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ചൂണ്ടിക്കാട്ടി. 2018 മുതൽ നിലവിൽ വന്നിട്ടുള്ള ഈ തൊഴിൽ കരാറിലെ വ്യവസ്ഥകൾ അനുസരിച്ച്, തങ്ങളുടെ തൊഴിൽ മേഖലകളിൽ വിദഗ്ധരായ പ്രവാസികൾക്കും പൗരന്മാർക്കും MOHRE-യിൽ നിന്നുള്ള പ്രത്യേക അനുവാദം നേടിയ ശേഷം ഒന്നിലധികം തൊഴിലുടമകളുടെ കീഴിൽ തൊഴിലെടുക്കാവുന്നതാണ്. ഇത്തരം പാർട്ട് ടൈം സേവനങ്ങൾക്കുള്ള പെർമിറ്റുകൾ നേടുന്നതിനായി തൊഴിലുടമയുടെ അനുവാദം ആവശ്യമില്ലെന്നും MOHRE വ്യക്തമാക്കിയിട്ടുണ്ട്.
മൾട്ടി-എംപ്ലോയർ തൊഴിൽ കരാറുകളുടെ പ്രയോജനത്തെ കുറിച്ച് MOHRE നവംബർ 14-ന് സമൂഹ മാധ്യമങ്ങളിലൂടെ ചൂണ്ടികാട്ടുകയായിരുന്നു. “തൊഴിൽ നൈപുണ്യമുള്ളവർക്ക് മൾട്ടി-എംപ്ലോയർ കരാറിനു കീഴിൽ, ഒന്നിലധികം തൊഴിലുടമകൾക്ക് തങ്ങളുടെ സേവനം നൽകാൻ മന്ത്രാലയം അനുമതി നൽകുന്നതാണ്. മന്ത്രാലത്തിൽ നിന്നുള്ള ഇത്തരം പാർട്ട് ടൈം പെർമിറ്റുകൾക്ക് മറ്റു തൊഴിലുടമകളിൽ നിന്നുള്ള അനുമതി ആവശ്യമില്ല”, MOHRE ട്വിറ്ററിലൂടെ വ്യക്തമാക്കി.
തൊഴിൽ മേഖലയിലെ പ്രവർത്തങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും, തൊഴിലുടമകൾക്ക് നിലവിൽ ലഭ്യമായ മാനവ വിഭവ ശേഷി പരമാവധി ഉപയോഗപ്പെടുത്തുന്നതിനും മൾട്ടി എംപ്ലോയർ പെർമിറ്റുകൾ സാധ്യമാക്കുന്നു. ചുരുങ്ങിയത് യൂണിവേഴ്സിറ്റി ബിരുദം, തങ്ങളുടെ തൊഴിൽ മേഖലകളിൽ ഡിപ്ലോമ എന്നിവ പൂർത്തിയാക്കിയവർക്കാണ് ഇത്തരം മൾട്ടി എംപ്ലോയർ പെർമിറ്റുകൾ പ്രയോജനപ്പെടുത്താൻ അനുമതിയുള്ളത്. ഇത്തരം ജീവനക്കാരുമായി പാർട്ട് ടൈം തൊഴിലുകൾക്കായി കരാറിലേർപ്പെടാൻ ഈ സംവിധാനം തൊഴിലുടമകളെ സഹായിക്കുന്നു.