യു എ ഇ: പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനായുള്ള ഉത്തരവ് പുറത്തിറക്കി

GCC News

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനും, അതിലൂടെ ഇരു മേഖലകളിലെയും തൊഴിൽ രീതികൾ തമ്മിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനുമായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി. 2021 ഡിസംബർ 13, തിങ്കളാഴ്ച്ചയാണ് MOHRE ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

MOHRE വകുപ്പ് മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ‘2021/ 47’ എന്ന ഈ പുതിയ ഫെഡറൽ ഉത്തരവ് പ്രകാരം, 2022 ഫെബ്രുവരി 2 മുതൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് സമാനമായ ലീവ്, തൊഴിൽ രീതികൾ മുതലായവ നടപ്പിലാക്കുന്നതാണ്. രാജ്യത്തെ എല്ലാ മേഖലകളിലെയും ജീവനക്കാർക്ക് സമാനമായ തൊഴിൽ നിയമങ്ങൾ ഏർപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ‘2021/ 47’ എന്ന ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലുടമകളും, ജീവനക്കാരും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നതിനും, തൊഴിൽമേഖലയെ ശക്തിപ്പെടുത്തുന്നതിനും ഈ നടപടിയിലൂടെ MOHRE ലക്ഷ്യമിടുന്നു. ഈ ഉത്തരവ് പ്രകാരം 2022 ഫെബ്രുവരി 2 മുതൽ പൊതു, സ്വകാര്യ മേഖലകളിലെയും ജീവനക്കാർക്ക് താഴെ പറയുന്ന രീതിയിൽ പാർട്ട് ടൈം, ടെംമ്പററി, ഫ്ലെക്സിബിൾ തുടങ്ങിയ തൊഴിലുകൾക്ക് അർഹത ലഭിക്കുന്നതാണ്:

  • ഒരു തൊഴിലുടമയുടെ കീഴിൽ നിശ്ചിത ദിവസങ്ങളിൽ തൊഴിലെടുക്കുന്ന രീതിയിൽ ജോലിചെയ്യുന്നവരെ മുഴുവൻ സമയ ജീവനക്കാരായി കണക്കാക്കുന്നതാണ്.
  • തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലിയിലൂടെ ഒരു തൊഴിലുടമയ്ക്ക് കീഴിൽ നിശ്ചിത എണ്ണം മണിക്കൂറുകളോ ദിവസങ്ങളോ ജോലി ചെയ്യാൻ അനുവാദം ലഭിക്കുന്നതാണ്.
  • ഒരു നിശ്ചിത കാലയളവ് ആവശ്യമുള്ള ജോലികൾ, അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട ജോലിയുടെ പൂർത്തീകരണത്തോടെ അവസാനിക്കുന്ന ജോലികൾ എന്നിവയെ താൽക്കാലിക ജോലി എന്ന രീതിയിൽ കണക്കാക്കുന്നതാണ്.
  • ജോലിയുടെ അളവും തൊഴിലുടമയുടെ സാമ്പത്തികവും പ്രവർത്തനപരവുമായ ഘടകങ്ങൾക്കനുസരിച്ച് ജോലി സമയമോ പ്രവൃത്തി ദിവസങ്ങളോ മാറുന്ന ജോലികളെ ഫ്ലെക്സിബിൾ വർക്ക് എന്ന രീതിയിൽ കണക്കാക്കുന്നതാണ്.

യു എ ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് നടപ്പിലാക്കുന്ന പുതിയ നടപടികളുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഉത്തരവ് 2021-ലെ നമ്പർ 33 നിയമം നവംബറിൽ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു.