എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 565 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. 2023 ഓഗസ്റ്റ് 30-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി ഈ സ്ഥാപനങ്ങൾ 824 എമിറാത്തി ജീവനക്കാരെ നിയമിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കിയതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. നാഫിസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി എമിറാത്തികളെ നിയമിച്ചതായി വ്യാജ രേഖകൾ നിർമ്മിച്ച കമ്പനികൾക്കെതിരെ, ഇത്തരത്തിൽ വ്യാജമായി നിയമിക്കപ്പെട്ടതായി രേഖകൾ നിർമ്മിച്ചിട്ടുള്ള, ഓരോ എമിറാത്തി ജീവനക്കാരനും 20000 മുതൽ ഒരു ലക്ഷം വരെ ദിർഹം പിഴ ചുമത്തുന്നതാണ്.
ഇത്തരം സ്ഥാപനങ്ങൾക്ക് നാഫിസ് പദ്ധതിയുടെ കീഴിൽ നൽകിവരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതാണ്. എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച ഇത്തരം സ്ഥാപനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളെ തരം തിരിക്കുന്ന പട്ടികയിലെ ഏറ്റവും താഴെയുള്ള വിഭാഗത്തിലേക്ക് തരംതാഴ്ത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.