യു എ ഇ: ഉപഭോക്താക്കൾക്കായി MoHRE വാട്സ്ആപ്പ് സേവനം ആരംഭിച്ചു

GCC News

ഉപഭോക്താക്കൾക്ക് വിവിധ സഹായങ്ങൾ നൽകുന്നതിനും, അവരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനുമായി ഒരു വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിലൂടെയുള്ള സേവനം ആരംഭിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2022 സെപ്റ്റംബർ 7-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഉപഭോക്താക്കൾക്ക് 600590000 എന്ന നമ്പറിലൂടെ ഈ സേവനം ഉപയോഗിക്കാവുന്നതാണ്. http://shorturl.at/aDNV8 എന്ന വിലാസത്തിൽ ക്ലിക്ക് ചെയ്തു കൊണ്ടും ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിൽ ഈ സേവനം ലഭ്യമാണെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇയിലെ തൊഴിലുടമകൾ, തൊഴിലാളികൾ, ഗാർഹിക ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുന്നതാണ്.

വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിലൂടെ ഇത്തരം സേവനം നൽകുന്ന യു എ ഇയിലെ ആദ്യ ഫെഡറൽ സ്ഥാപനമാണ് MoHRE. യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങൾ, ചട്ടങ്ങൾ, ഗാർഹിക ജീവനക്കാരുമായി ബന്ധപ്പെട്ട നിയമങ്ങൾ, രാജ്യത്തെ തൊഴിൽ മേഖലയിൽ ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ, ഇവയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവുകൾ എന്നിവ അറിയുന്നതിനും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധ അപേക്ഷകളുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് അറിയുന്നതിനും ഈ സേവനം ഉപയോഗപ്രദമാണ്.