യു എ ഇ: അനധികൃത നിയമന നടപടികളുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങൾക്കെതിരെ MoHRE നിയമനടപടികൾ സ്വീകരിച്ചു

featured GCC News

അനധികൃത നിയമന നടപടികളുമായി ബന്ധപ്പെട്ട് കൊണ്ട് 50 കമ്പനികൾക്കും 5 സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്കുമെതിരെ യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) നിയമനടപടികൾ സ്വീകരിച്ചു. 2024 ഫെബ്രുവരി 6-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ പെർമിറ്റുകൾ നേടാതെ റിക്രൂട്ട്‌മെൻ്റിലും മധ്യസ്ഥ പ്രവർത്തനങ്ങളിലും ഏർപ്പെട്ട 55 സ്ഥാപനങ്ങൾക്കെതിരെയാണ് MoHRE നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.

ഇതിൽ അഞ്ച്‌ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും ഉൾപ്പെടുന്നു. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (TDRA) സഹകരിച്ച് നടത്തിയ അന്വേഷണങ്ങളിലാണ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുള്ള സ്ഥാപനങ്ങൾക്കെതിരെ പിഴ, മന്ത്രാലയത്തിൻ്റെ രേഖകളിലെ നിയന്ത്രണങ്ങൾ, പബ്ലിക് പ്രോസിക്യൂഷൻ തല നടപടികളിലേക്കുള്ള ശുപാർശ എന്നിവ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ മന്ത്രാലയം ബ്ലോക്ക് ചെയ്തിട്ടുണ്ട്.

മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതോ, താത്‌കാലികമായി നിയമിക്കുന്നതോ രാജ്യത്തെ തൊഴിൽ നിയന്ത്രണം സംബന്ധിച്ച ഫെഡറൽ ഡിക്രി-നിയമം മൂലം നിരോധിച്ചിട്ടുണ്ട്. നിയമലംഘകർക്ക് ഒരു വർഷത്തിൽ കുറയാത്ത തടവും 200,000 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ പിഴയും (അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്ന്) ലഭിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു.

ഫെഡറൽ ഡിക്രിയിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി, മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ പെർമിറ്റുകൾ നേടാതെ നിയമനിർമ്മാണത്തിലും മധ്യസ്ഥ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് നിരോധിച്ചിട്ടുള്ളതായി MoHRE അണ്ടർസെക്രട്ടറി ഖലീൽ അൽ ഖൂരി വ്യക്തമാക്കി. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ശരിയായ ലൈസൻസില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി തെളിയിക്കപ്പെട്ട ഏതൊരു കമ്പനിക്കെതിരെയും നിയമ നടപടികളും പിഴകളും നടപ്പിലാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.