തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരിൽ നിന്നുള്ളതെന്ന രൂപത്തിൽ വരുന്ന സംശയകരമായ എസ് എം എസ് സന്ദേശങ്ങൾ, ഫോൺ കാളുകൾ എന്നിവയോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇത്തരം കാളുകളും, സന്ദേശങ്ങളും, വ്യക്തികളോട് അവരുടെ വിവരങ്ങൾ യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വെബ്സൈറ്റിൽ പുതുക്കുന്നതിനായി ഒ ടി പി (OTP) ആവശ്യപ്പെടുന്ന രീതിയിലുള്ള തട്ടിപ്പാണ് നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്താൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു എ ഇ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ, വ്യക്തികളോട് അവരുടെ വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് എസ് എം എസ് സന്ദേശങ്ങൾ അയക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.